26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ക്രമസമാധനം തകരണം എന്നത് പ്രതിപക്ഷ മോഹം; കൊലപാതകങ്ങള്‍ കുറഞ്ഞു: മുഖ്യമന്ത്രി
Kerala

ക്രമസമാധനം തകരണം എന്നത് പ്രതിപക്ഷ മോഹം; കൊലപാതകങ്ങള്‍ കുറഞ്ഞു: മുഖ്യമന്ത്രി


തിരുവനന്തപുരം> സംസ്ഥാനത്ത് കൊലപാതക അക്രമ സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുന്നതായുളള ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. എന്‍. ഷംസുദ്ദീന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

“വല്ലാതെ ചീറ്റിപ്പോയ പ്രമേയമായിപ്പോയി. കേരളം ക്രമസമാധാനം തകര്‍ന്ന നാടായി മാറണമെന്ന അദ്ദേഹത്തിന്റെ മോഹമാണ് ഇതില്‍ കണ്ടത്.വിചിത്രമായി തോന്നിയ ഒരു കാര്യം നിങ്ങള്‍ നടത്തിയ ദാരുണമായ കൊലപാതകങ്ങളൊന്നും പരാമര്‍ശിക്കാതെ പോയത് എന്തുകൊണ്ടാണ് എന്നതാണ് . ഈ അടുത്ത ദിവസമാണ് ഇടുക്കിയിലെ കോളേജ് വിദ്യാര്‍ത്ഥിയായ ധീരജിനെ കൊലപ്പെടുത്തിയത്. അവിടുത്തെ കെഎസ്.യു നേതാവ് തന്നെ പറഞ്ഞത് പുറത്തുനിന്ന് വന്നയാളുകളാണ് കൊലപാതകം നടത്തിയത് എന്നും തങ്ങള്‍ക്ക് അതില്‍ പങ്കില്ലായെന്നുമാണ്. ക്യാമ്പസുകളെപോലും സംഘര്‍ഷവേദിയാക്കാന്‍ നിങ്ങള്‍ ശ്രമിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.”-മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് ബിജെപിയും എസ്ഡിപിഐയും പരസ്പരം നടത്തിയ കൊലപാതകങ്ങളില്‍ ചിലര്‍ കൊല്ലപ്പെട്ടത്. ആലപ്പുഴയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനും ബിജെപി പ്രവര്‍ത്തകനും കൊല്ലപ്പെട്ടു. സംഭവത്തെ അപലപിക്കാതെ പോലീസിനെ കുറ്റപ്പെടുത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. പാലക്കാട്ടും ബിജെപി പ്രവര്‍ത്തകനെ എസ്ഡിപിഐക്കാര്‍ കൊലപ്പെടുത്തി.

ആരാണ് പ്രശ്‌നക്കാര്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ 3 എണ്ണത്തില്‍ പ്രതികളായത് ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്. രണ്ടെണ്ണത്തില്‍ പ്രതികളായത് എസ്ഡിപിഐ പ്രവര്‍ത്തകരാണ്. ഒരെണ്ണത്തില്‍ കോണ്‍ഗ്രസ്സുകാരും. ഇത് കാണിക്കുന്നത് എന്താണ്? കേരളത്തില്‍ കലാപമുണ്ടാക്കാന്‍ വര്‍ഗ്ഗീയ ശക്തികളും നിങ്ങളുമാണ് കാരണക്കാരായിട്ടുള്ളത്. കൊലക്കത്തി എടുത്തവര്‍ കൊലക്കത്തി താഴെ വച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളുവെന്നാണ് ഇത് കാണിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന ശ്രമങ്ങളെ തുറന്നുകാണിച്ച് മുന്നോട്ടുപോകേണ്ട ഘട്ടത്തില്‍ അതിന് പകരം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നിങ്ങളുടെ ശ്രമം ആരെ സംരക്ഷിക്കാനാണ്.

നിങ്ങള്‍ക്ക് പങ്കാളിത്തമുള്ള കൊലപാതക പരമ്പരകളിലേക്ക് ഞാന്‍ കടക്കുന്നില്ല. തിരുവനന്തപുരത്ത് നടത്തിയത് ഇരട്ടകൊലപാതകമാണ്. 25.01.2021 മുതല്‍ 21.02.2022 വരെ നടന്ന 6 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 3 സിപിഐ(എം) പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത് എന്ന് കാണാവുന്നതാണ്. ഇതില്‍ എസ്ഡിപിഐ, ആര്‍എസ്എസ്, ബിജെപി, യൂത്ത്‌കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകരാണ് പ്രതികളായിട്ടുള്ളത്. ഇത് കാണിക്കുന്നത് എന്താണ്? കേരളത്തില്‍ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും എല്ലാം ചേര്‍ന്ന് നാട്ടിനെ കുരുതിക്കളമാക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം കൊലപാതകങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിച്ച് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്-മുഖ്യമന്ത്രി പറഞ്ഞു.

Related posts

സ്വർണവില ഒറ്റയടിക്ക് ഇടിഞ്ഞത് 600 രൂപ

Aswathi Kottiyoor

തിമിരമുക്ത കേരളത്തിന് പദ്ധതി ആവിഷ്‌ക്കരിക്കും: ആരോഗ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഞായറാഴ്ച കൂടുതൽ ട്രെയിനുകൾ മുടങ്ങും

Aswathi Kottiyoor
WordPress Image Lightbox