ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കു ദിവസങ്ങള്‍ ശേഷിക്കെ സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നു. വിദ്യാര്‍ഥികളുടെ പഠനത്തെയും പരീക്ഷയെയും ബാധിക്കാത്ത വിധത്തില്‍ ഓഗസ്റ്റിനുള്ളില്‍ സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് നിലനില്‍ക്കെയാണ് കൂട്ട സ്ഥലംമാറ്റത്തിനു കളമൊരുങ്ങുന്നത്.
സ്ഥലംമാറ്റം സംബന്ധിച്ച് പ്രൊവിഷണല്‍ ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഒരു വര്‍ഷം മുമ്പ് വിളിച്ച അപേക്ഷയില്‍നിന്നാണ് ലിസ്റ്റ് പുറപ്പെടുവിച്ചിരിക്കുന്നത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നത്. മാര്‍ച്ച് 16ന് മോഡല്‍ പരീക്ഷ ആരംഭിക്കാനിരിക്കുകയാണ്. കോവിഡ് സാഹചര്യത്തില്‍ ഈ അധ്യയന വര്‍ഷം മിക്കവാറും ദിവസങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഓഫ്ലൈന് ക്ലാസുകള്‍ ആരംഭിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഈ സാഹചര്യത്തിലാണ് സ്ഥലംമാറ്റ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കിട്ട ശ്രമം.
ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലാണ്. ഈ വര്‍ഷവും അതിന് മാറ്റമുണ്ടാവില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരിക്കുന്നത്. സാധാരണഗതിയില്‍ സ്കൂള്‍ വര്‍ഷം ആരംഭിക്കുന്ന വേളയിലാണ് അധ്യാപക സ്ഥലംമാറ്റം നടത്താറുള്ളത്.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ ഇന്റേണല്‍ മാര്‍ക്കുകള്‍ നല്‍കുന്നത് അതതു സമയത്ത് പഠിപ്പിക്കുന്ന അധ്യാപകരാണ്. ഒരു വര്‍ഷത്തെ പഠന മികവും മറ്റു പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നത്. മാര്‍ച്ചില്‍ ട്രാന്‍സ്ഫര്‍ നടക്കുകയാണെങ്കില്‍ ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അനിശ്ചിതത്വത്തിലാകും.
അധ്യാപക സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പ്രൊവിഷണല്‍ ലിസ്റ്റ് സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതു പരിശോധിച്ച് വേഗത്തില്‍ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ഡയറക്ടറേറ്റിന്റെ ശ്രമം. എന്നാല്‍ സര്‍ക്കാര്‍ നടപടിക്കെതിരേ അധ്യാപകര്‍ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ കോടതി ഉത്തരവിന് അനുസരിച്ചാവും തുടര്‍നടപടികള്‍. സംസ്ഥാനത്ത് 2015 ഓഗസ്റ്റ് 27ന് നടന്ന ഹയര്‍ സെക്കന്‍ഡറി ട്രാന്‍സ്ഫര്‍ റദ്ദാക്കി പുതിയ ട്രാന്‍സ്ഫര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നു.