കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകത്തിൽ സി.പി.എം പ്രതിരോധത്തിൽ. മർദിച്ച് കൊലപ്പെടുത്തിയത് സി.പി.എം പ്രവർത്തകരാണെന്ന് എഫ്.ഐ.ആറിൽ വ്യക്തമായതോടെയാണ് പാർട്ടി കൂടുതൽ കുരുക്കിലായത്. കേസിൽ അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.
ദീപു മർദനമേറ്റ് വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നപ്പോൾ മുതൽ സി.പി.എം പ്രതിരോധത്തിലാണ്. പിന്നിൽ സി.പി.എമ്മും കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജനും ആണെന്നാണ് തുടക്കം മുതലേ ട്വന്റി ട്വന്റിയുടെ ആരോപണം. പ്രതികൾ സി.പി.എം പ്രവർത്തകരെന്ന് എഫ്.ഐ.ആർ വന്നതോടെ പാർട്ടി മറുപടി പറയേണ്ട ഘട്ടത്തിലാണ്. എന്നാൽ സി.പി.എം ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
ട്വന്റി ട്വന്റി പ്രവർത്തകനായതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് എഫ്.ഐ.ആർ പറയുന്നത്.കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ദീപുവിനെ പ്രതികൾ മർദിച്ചത്. ചേലക്കുളം സ്വദേശികളായ സൈനുദ്ദീൻ, ബഷീർ, അബ്ദുൽ റഹ്‌മാൻ, അസീസ് എന്നിവരാണ് പ്രതികൾ. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കേസ് അന്വേഷണത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.