22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • നയപ്രഖ്യാപനം : കോവിഡ്‌ കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ പ്രശംസനീയം; കെ റെയിൽ പരിസ്‌ഥിതി സൗഹാർദ പദ്ധതി
Kerala

നയപ്രഖ്യാപനം : കോവിഡ്‌ കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ പ്രശംസനീയം; കെ റെയിൽ പരിസ്‌ഥിതി സൗഹാർദ പദ്ധതി

കോവിഡ്‌ കാലത്തെ സർക്കാർ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും കെ റെയിൽ പരിസ്‌ഥിതി സൗഹാർദ പദ്ധതിയാണെന്നും ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ. പതിനഞ്ചാം കേരള നിയമസഭയുടെ നാലാമത്‌ സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ നയപ്രഖ്യാപനം നടത്തുകയായിരുന്നു ഗവർണർ.

സര്‍ക്കാറിന്റെ കഴിഞ്ഞ ഭരണകാലത്ത് ജനങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും പ്രതികൂലമായി ബാധിച്ച കോവിഡ് 19 മഹാമാരിയെ നിശ്ചയദാര്‍ഢ്യത്തോടെ നാം അതിജീവിച്ചെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് 19ന്റെ വ്യാപനത്തില്‍ ഉണ്ടായ കുറവ് അല്‌പം ആശ്വാസം നല്‍കിയിരുന്നെങ്കിലും അത് ശാശ്വതമായിരുന്നില്ല. സംസ്ഥാനം മഹാമാരിയുടെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കുകയാണ്. രോഗികളുടെ എണ്ണം കുറഞ്ഞുവരുന്നതും കഴിഞ്ഞ രണ്ട് സന്ദര്‍ഭങ്ങളിലെന്ന പോലെ മരണ നിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞു എന്നതും ആശ്വാസം നല്‍കുന്നു.

സര്‍ക്കാര്‍ കോവിഡ് 19 നെതിരെ സാമൂഹിക പ്രതിരോധശേഷി കൈവരിക്കുന്നതിനായി പ്രതിരോധ കുത്തിവയ്‌പ് യജ്ഞം ഫലപ്രദമായി നടത്തി. ഫെബ്രുവരി 7-ാം തീയതി വരെ ഒന്നാം ഡോസ് പ്രതിരോധ കുത്തിവയ്‌പില്‍ 100 ശതമാനവും രണ്ടാം ഡോസ് പ്രതിരോധകുത്തിവെയ്‌പില്‍ 85 ശതമാനവും കൈവരിക്കാന്‍ സാധിച്ചു. പതിനഞ്ചിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്‌പ് 73 ശതമാനമായി.

സാമ്പത്തിക പരിമിതികള്‍ ഉണ്ടായിരുന്നിട്ടും മഹാമാരിയുടെ കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് സാദ്ധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു. സര്‍ക്കാര്‍ വിവിധ പരിപാടികള്‍ സമയബന്ധിതമായ രീതിയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതും അവയുടെ പുരോഗതി ജനങ്ങളെ അറിയിച്ചു കൊണ്ടിരിക്കുന്നതുമാണ്. 100 ദിന പരിപാടി ഇതിന്റെ ഭാഗമാണ്.

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയില്‍ സര്‍ക്കാരിന് അതീവ ജാഗ്രതയുണ്ട്. ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാര്‍ ഡാമിനെ സംബന്ധിച്ചടത്തോളം അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനാവശ്യമായ ജലം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് എല്ലാ പരിശ്രമവും നടത്തുന്നുണ്ട്.

വെള്ളം, വൈദ്യുതി, വാര്‍ത്താവിനിമയം, ഗതാഗതം തുടങ്ങിയ അടിസ്ഥാന സൗകര്യം ലഭ്യമാക്കാന്‍ സംസ്ഥാനത്തെ ജനങ്ങളെ പ്രാപ്‌തരാക്കുന്നത് സര്‍ക്കാര്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു മേഖലയായി തുടരുകയും നൂതന പദ്ധതികള്‍ കണ്ടെത്തുന്നതുമാണ്. പരമ്പരാഗത ഇന്ധനാടിസ്ഥാനത്തിലുള്ള ഗതാഗതത്തെ അപേക്ഷിച്ച് ഒരു പുതിയ പരിസ്ഥിതി സൗഹൃദ ഗതാഗത രീതി പ്രദാനം ചെയ്യുന്ന പദ്ധതിയായ കെ റെയില്‍, സഞ്ചാരത്തിന്റെ വേഗതയും സന്തോഷവും യാത്രാസുഖവും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തൊഴിലും വികസനവും ഉത്തേജിപ്പിക്കുന്ന ഒരു ഹരിത സംരംഭമായിരിക്കും. പദ്ധതിക്ക് കേന്ദ്രസര്‍ക്കാറില്‍ നിന്ന് എത്രയും വേഗത്തിലുള്ള അനുമതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.

രാവിലെ 8.50 ഓടെ നിയമസഭാ കവാടത്തിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ എം ബി രാജേഷും ചേര്‍ന്ന് സ്വീകരിച്ചു. നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. നിയമസഭയിൽ ഗവർണർക്കെതിരെ ഗോബാക്ക്‌ വിളിയുയർന്നപ്പോൾ പ്രതിഷേധിക്കാനുള്ള അവസരം ഇതല്ലെന്ന്‌ ഗവർണർ രൂക്ഷമായി പ്രതികരിച്ചു. തുടർന്ന്‌ പ്രതിപക്ഷം സഭ വിട്ടിറങ്ങി.
നയപ്രഖ്യാപനത്തിനുശേഷം വെള്ളിയാഴ്‌ച സഭ പിരിയും. രണ്ടാംദിവസമായ തിങ്കൾ പി ടി തോമസിന്‌ ചരമോപചാരം അർപ്പിച്ച്‌ പിരിയും. തുടർന്ന്‌, മൂന്നുദിവസം നന്ദി പ്രമേയത്തിൽ ചർച്ച. 25 മുതൽ മാർച്ച്‌ 10 വരെ സഭ ചേരില്ല .

14 ദിവസത്തെ സമ്മേളനമാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. രണ്ടു ദിവസം സർക്കാർ കാര്യങ്ങൾക്കാണ്‌. വോട്ട്-ഓണ്‍-അക്കൗണ്ട് മാര്‍ച്ച് 22-ന്‌ നടക്കും. 23ന്‌ സഭാ സമ്മേളനം അവസാനിക്കും.ലോകായുക്താ ഒാർഡിനൻസ് ഉൾപ്പെടെ 9 ഓർഡിനൻസുകളാണ് നിയമമാക്കാനുള്ളത്.

Related posts

കെട്ടിട ഉദ്ഘാടനം ഇന്ന്

Aswathi Kottiyoor

ബംഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം; കേ​ര​ള​ത്തിൽ മ​ഴ​യ്ക്കു സാ​ധ്യ​ത……….

Aswathi Kottiyoor

16 കോ​ടി ഒ​ന്നാം സ​മ്മാ​നം; വ​രു​ന്നു ക്രി​സ്മ​സ്-​ന്യൂ ഇ​യ​ർ ബം​പ​ർ

Aswathi Kottiyoor
WordPress Image Lightbox