ബഹുരാഷ്‌ട്ര ഐടി കമ്പനികളായ സോറിയന്റ് കോർപറേഷനും കാമ്പിയൻ കമ്പനിയും ഇൻഫോപാർക്കിലെത്തുന്നു. കലിഫോർണിയ ആസ്ഥാനമായുള്ള സോറിയന്റ് കോർപറേഷൻ ഇന്ത്യയിലെ ഏഴാമത്തെ ഓഫീസാണ് ഇൻഫോപാർക്കിൽ തുറക്കുന്നത്. ബംഗളൂരു, ഡൽഹി, പുണെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് നിലവിൽ ഓഫീസുള്ളത്.
അമേരിക്ക ആസ്ഥാനമായ കാമ്പിയം നെറ്റ്‌വർക്ക്‌സ് ഇന്ത്യയിലെ രണ്ടാമത്തെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെന്ററാണ് കൊച്ചിയിൽ ആരംഭിക്കുന്നത്. ബംഗളൂരുവിലാണ് ആദ്യ ഓഫീസ്. നിലവിൽ ഇൻഫോപാർക്കിലുള്ള നിയോഡെസിക്ക് കമ്പനിയെ ലോകപ്രശസ്‌തരായ ഐബിഎം ഏറ്റെടുക്കാനൊരുങ്ങുകയാണ്. അമേരിക്ക ആസ്ഥാനമായുള്ള നിയോഡെസിക്ക് കൊച്ചിക്കുപുറമേ ബംഗളൂരുവിലും ഹൈദരാബാദിലും ഓഫീസുണ്ട്.
നാനൂറിലധികം കമ്പനികൾ ഇൻഫോപാർക്കിലുണ്ട്. 51,000 ഐടി പ്രൊഫഷണലുകളും ജോലി ചെയ്യുന്നു. ഇൻഫോപാർക്കിലെ തപസ്യ കെട്ടിടത്തിനുസമീപം 1.6 ഏക്കറിൽ കെട്ടിടസമുച്ചയം നിർമിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കോ–-ഡെവലപ്പർ മാതൃകയിലാണ് രണ്ട് ലക്ഷം ചതുരശ്രയടിയിൽ കെട്ടിടം നിർമിക്കുക. മൂവായിരത്തിലധികം തൊഴിലവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഐടി പാർക്ക് സിഇഒ ജോൺ എം തോമസ് പറഞ്ഞു. ഇതോടെ കൊച്ചിയുടെ ഐടി അടിസ്ഥാന സൗകര്യമേഖല 1.5 കോടി ചതുരശ്രയടിയാകും. 3000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇതുവഴി കൊച്ചിയിലെത്തുക.
അഞ്ചു വർഷത്തിനകം അരലക്ഷത്തോളം തൊഴിലവസരങ്ങളാണ് കൊച്ചി ഐടി മേഖല കേരളത്തിന് സമ്മാനിക്കുന്നത്. ഇൻഫോപാർക്കിലും സ്‌മാർട്ട്‌സിറ്റിയിലുമായി 45,000 തൊഴിൽ അവസരങ്ങളാണ് ടെക്കികളെ കാത്തിരിക്കുന്നത്.