22.6 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ചെലവ്‌ ചുരുക്കലില്ല ; വാർഷിക പദ്ധതി ലക്ഷ്യത്തിലെത്തും : ധനമന്ത്രി
Kerala

ചെലവ്‌ ചുരുക്കലില്ല ; വാർഷിക പദ്ധതി ലക്ഷ്യത്തിലെത്തും : ധനമന്ത്രി

ചെലവ്‌ ചുരുക്കൽ സംസ്ഥാന സർക്കാരിന്റെ അജൻഡയിലില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. അത്‌ എൽഡിഎഫ്‌ നയമല്ല. ഇക്കാര്യത്തിലെ കേന്ദ്ര സർക്കാർ മാതൃക കേരളത്തിനുവേണ്ട. സാമ്പത്തിക ഞെരുക്കമുണ്ടെങ്കിലും ബജറ്റിൽ വികസന, ക്ഷേമ വകയിരുത്തലിൽ കുറവുണ്ടാകില്ലെന്നും 11ന്‌ ബജറ്റ്‌ അവതരിപ്പിക്കാനിരിക്കെ ധനമന്ത്രി ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.

അനാവശ്യ ചെലവുകളിൽ കർശന നിയന്ത്രണം തുടരും. ആർഭാടവും ധൂർത്തുമാണ്‌ ഒഴിവാക്കുന്നത്‌‌. പല നിർദേശങ്ങളും സർക്കാരിനുമുന്നിലുണ്ട്‌. പെൻഷൻ പ്രായം ഉയർത്തലിലടക്കം ചർച്ചകളോ തീരുമാനങ്ങളോ ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥ പുനർവിന്യാസം ഉൾപ്പെടെ കൂടുതൽ ഫലപ്രദമായി തുടരും.

സുരക്ഷാ, ക്ഷേമ മേഖലയ്ക്ക്‌ പിന്തുണ തുടരും
അവശ വിഭാഗങ്ങൾക്കായിരിക്കും‌ മുൻഗണന‌. സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക്‌ മതിയായ നീക്കിയിരിപ്പുണ്ടാകും. ഗ്രാമീണ തൊഴിലുറപ്പിനും ദേശീയ ആരോഗ്യദൗത്യത്തിനുമൊക്കെ വിഹിതം ഗണ്യമായി വെട്ടിക്കുറയ്‌ക്കുന്ന കേന്ദ്ര നയത്തിനുള്ള ബദലാണിത്‌. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലുമടക്കം മികച്ച പിന്തുണ തുടരും.
സാമ്പത്തിക പുനരുജ്ജീവനം മുഖ്യം
കോവിഡ്‌ മാന്ദ്യ പ്രതിസന്ധി മറികടക്കാൻ കൃഷി, വ്യവസായ–-സംരംഭ, ടൂറിസം മേഖലകളിലടക്കം കൂടുതൽ ഇടപെടലുകളുണ്ടാകും.

തൊഴിലവസരം ഉയർത്തണം‌ ; വാർഷിക പദ്ധതി പുരോഗതിയിൽ
മികച്ച നിലയിൽ നടപ്പുവാർഷിക പദ്ധതി പൂർത്തീകരിക്കപ്പെടും. മഹാപ്രളയത്തിലും 2019–-20ൽ 75 ശതമാനം പദ്ധതി നേട്ടമുണ്ടായി. കഴിഞ്ഞ വർഷം 98 ശതമാനവും. ഇത്തവണയും ഒട്ടുംമോശമല്ലാത്ത ചെലവാണ്‌ പ്രതീക്ഷിക്കുന്നത്‌. ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലാണ്‌ ചെലവിന്റെ ബില്ലുകളിൽ മുഖ്യപങ്കും ട്രഷറിയിലെത്തുന്നത്‌.

കേന്ദ്രത്തിൽ പ്രതീക്ഷ വേണ്ട
സംസ്ഥാനത്തോട്‌ മുഖംതിരിച്ചിരിക്കുകയാണ്‌ കേന്ദ്ര സർക്കാർ. ചെലവ്‌ വെട്ടിച്ചുരുക്കൽ മാത്രമടങ്ങിയ കേന്ദ്ര ബജറ്റ് സംസ്ഥാന ധനപരിപാലനത്തെ തകിടം മറിക്കുന്നതാണ്‌‌. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വകയിരുത്തൽ കുറച്ചത്‌‌ തിരിച്ചടിയായി. കേന്ദ്ര ബജറ്റിലെ മൊത്തച്ചെലവിൽ മൂന്നരലക്ഷം കോടി രൂപയുടെ വർധന പ്രതീക്ഷിച്ചത്‌ ഒന്നര ലക്ഷം കോടിയിലൊതുക്കി. വർധനയുടെ മുഖ്യപങ്കും കുത്തകകൾക്കാണ്‌. സംസ്ഥാനങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ മുക്കാൽപങ്കും കേന്ദ്രം കൈപ്പറ്റുന്നു.‌ ജിഎസ്‌ടി നഷ്ടപരിഹാര കാലാവധി നീട്ടൽ, കടമെടുപ്പ്‌ പരിധി ഉയർത്തൽ എന്നിവയിലും കേന്ദ്രം നിശ്ശബ്ദമാണ്‌

Related posts

കെട്ടിട നികുതി നിയമം ഭേദഗതി ചെയ്യും: മന്ത്രിസഭായോഗ തീരുമാനങ്ങൾ

Aswathi Kottiyoor

ബൽജിയത്തിലേക്ക്‌ കൂടുതൽ നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യും: മന്ത്രി ശിവൻകുട്ടി

Aswathi Kottiyoor

അന്താരാഷ്ട്ര വയോജനദിനം : സംസ്ഥാനത്ത് വിപുലമായ പരിപാടികൾ വയോസേവന പുരസ്‌കാരങ്ങൾ സമ്മാനിക്കും – മന്ത്രി ബിന്ദു

Aswathi Kottiyoor
WordPress Image Lightbox