21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നാളെ (ഫെബ്രുവരി 19) മുഖ്യമന്ത്രി നിർവ്വഹിക്കും
Kerala

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നാളെ (ഫെബ്രുവരി 19) മുഖ്യമന്ത്രി നിർവ്വഹിക്കും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താനും ജനങ്ങൾക്ക് കൂടുതൽ വേഗത്തിൽ വകുപ്പിന്റെ സേവനങ്ങൾ ലഭ്യമാക്കാനും ഉതകുന്ന വിധത്തിലുള്ള ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നാളെ (ഫെബ്രുവരി 19) വൈകുന്നേരം മൂന്ന് മണിക്ക് കോവളം വെള്ളാറിലെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ്‌സ് വില്ലേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യാതിഥികളായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ പങ്കെടുക്കും.
പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പിതാവ് ബൽവന്ത് റായ് മേത്തയുടെ ജൻമദിനമായ 19ന് സംഘടിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ വേദിയിൽ വെച്ചാണ് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നടത്തുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. വകുപ്പ് സംയോജനത്തിന് മുമ്പ് കഴിഞ്ഞ വർഷങ്ങളിൽ പഞ്ചായത്ത് ദിനാഘോഷവും മുനിസിപ്പൽ ദിനാഘോഷവുമൊക്കെ നടത്തിയിരുന്നു. വകുപ്പ് സംയോജനം യാഥാർത്ഥ്യമാകുന്നതോടെ ഇനി മുതൽ തദ്ദേശ സ്വയംഭരണ ദിനാഘോഷമാണ് സംഘടിപ്പിക്കുക. തദ്ദേശ സ്വയംഭരണ ദിനാഘോഷം ഗ്രാമ-നഗര സംവിധാനങ്ങൾ ഒന്നിച്ച് നടത്തുന്നതിനാൽ ത്രിതല പഞ്ചായത്ത് അസോസിയേഷനുകളെ കൂടാതെ മുനിസിപ്പൽ ചെയർമാൻ, മേയർ അസോസിയേഷനുകളും സംഘാടകസമിതിയുടെ ഭാഗമാകുമെന്ന് മന്തി പറഞ്ഞു.
മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും മഹാത്മാ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലും മികച്ച പ്രകടനം കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള പുരസ്‌കാരവും ഇതോടനുബന്ധിച്ച് വിതരണം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ പുരസ്‌കാരങ്ങളും ഇതോടൊപ്പം നൽകും. പഞ്ചായത്ത് സംവിധാനത്തിന് നൽകിയിരുന്ന സ്വരാജ് ട്രോഫി മുനിസിപ്പൽ കോർപ്പറേഷനും ഈ വർഷം മുതൽ നൽകും. തൊഴിലുറപ്പ് മേഖലയിൽ ഏർപ്പെടുത്തിയ മഹാത്മാ പുരസ്‌കാരം നഗരമേഖലയിലും ഏർപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
സംയോജിത തദ്ദേശ സ്വയംഭരണ സർവ്വീസ്, നവകേരള കർമ്മ പരിപാടി എന്നീ വിഷയങ്ങളെ ആസ്പദമാക്കി 19ന് സെമിനാർ സംഘടിപ്പിച്ചിട്ടുണ്ട്. ജനകീയാസൂത്രണത്തിന്റെ 25 വർഷം: പുതുതലമുറ വെല്ലുവിളികളും സാധ്യതകളും, അതിദാരിദ്ര്യ നിർണ്ണയ പ്രക്രിയയിൽ നിന്നും സമാനതകളില്ലാത്ത ദാരിദ്ര്യ ലഘൂകരണ പ്രക്രിയയിലേക്ക്, വാതിൽപ്പടി സേവനം-സാധ്യതകൾ എന്നീ വിഷയങ്ങളിൽ 18ന് ഓൺലൈൻ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളിൽ 19ന് ജില്ലാ തലത്തിലും ബ്ലോക്ക് തലത്തിലും സെമിനാറുകളും ചർച്ചയും സംഘടിപ്പിക്കും. ജില്ലാ തല ജേതാക്കൾക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാതല ആഘോഷ പരിപാടിയിൽ വിതരണം ചെയ്യും.
അഞ്ച് വകുപ്പുകളിലുള്ള മുപ്പതിനായിരത്തിലേറെ വരുന്ന ജീവനക്കാരെ ഏകീകരിച്ചാണ് ഏകീകൃത വകുപ്പ് നിലവിൽ വരുന്നത്. പ്രാദേശിക വികസന കാര്യങ്ങളിലും ആസൂത്രണത്തിലും ദുരന്തനിവാരണം, മാലിന്യ സംസ്‌കരണം തുടങ്ങിയ കാര്യങ്ങളിലും യോജിച്ച് പ്രവർത്തിക്കേണ്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ നിലവിൽ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതെയിരിക്കുന്ന അവസ്ഥയ്ക്ക് വകുപ്പ് ഏകീകരണത്തോടെ വിരാമമാകും. ജീവനക്കാർ പൊതുസർവ്വീസിന്റെ ഭാഗമാകുന്നതോടെ ത്രിതല പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും ഇടയിൽ ഉണ്ടാവേണ്ട സഹകരണം സ്വാഭാവികമായും യാഥാർത്ഥ്യമാകും. കാലോചിതമായ മാറ്റത്തിലൂടെ ഭരണ സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവർത്തനവേഗവും വർധിക്കുമ്പോൾ ജനങ്ങൾക്ക് ഇത് ഏറെ ഉപകാരപ്രദമാകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, തദ്ദേശ സ്വയംഭരണ (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, നഗരകാര്യ സെക്രട്ടറി ഡോ. ബിജു പ്രഭാകർ, ലോക്കൽ ഗവ. കമ്മീഷൻ ചെയർമാൻ ഡോ. സി.പി. വിനോദ്, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർ ഡി. ബാലമുരളി, തദ്ദേശ സ്വയംഭരണ (അർബൻ) ഡയറക്ടർ ഡോ. രേണുരാജ്, തദ്ദേശ സ്വയംഭരണ (റൂറൽ) ഡയറക്ടർ ഇൻചാർജ്ജ് എം.പി. അജിത്കുമാർ, ചീഫ് ടൗൺ പ്ലാനർ പ്രമോദ് കുമാർ, ചീഫ് എൻജിനീയർ കെ. ജോൺസൺ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Related posts

കുട്ടികളെ കുടുംബാന്തരീക്ഷത്തിൽ വളർത്തുന്നതിന് പ്രാധാന്യം നൽകണമെന്ന് മന്ത്രി

Aswathi Kottiyoor

വിഴിഞ്ഞം തുറമുഖ നിർമാണം പുനരാരംഭിച്ചു ; 40 ലോഡ് പാറയെത്തി

Aswathi Kottiyoor

*സീ എന്റർടെയ്ൻമെന്റ് സോണി പിക്‌ചേഴ്‌സുമായി ലയിക്കുന്നു*

Aswathi Kottiyoor
WordPress Image Lightbox