ഉപേക്ഷിക്കുംമുമ്പ് പോളിയോൾസ് പദ്ധതിക്കായി ബിപിസിഎൽ ചെലവഴിച്ചത് 500 കോടി രൂപയിലേറെ. സ്ഥലം ഏറ്റെടുക്കാനും നിരപ്പാക്കാനും കൺസൾട്ടൻസിയെ നിയമിക്കാനുമാണിത്. ഐആർഇപി (ഇന്റഗ്രേറ്റഡ് റിഫൈനറി എക്സ്‌പാൻഷൻ) പദ്ധതിപ്രകാരം റിഫൈനറിയുടെ വാർഷിക സംസ്കരണശേഷി 95 ലക്ഷം ടണ്ണിൽനിന്ന് 1.55 കോടി ടണ്ണായി ഉയർത്തി. ഈ പദ്ധതിയുടെ തുടർച്ചയായി പെട്രോ കെമിക്കൽ പ്ലാന്റും വിഭാവനം ചെയ്തു. വലിയ നിക്ഷേപമുള്ള പെട്രോ എഫ്സിസിയു പ്ലാന്റ്, ഐആർഇപിയുടെ ഭാഗമായി നിർമിച്ചു. പെട്രോ എഫ്സിസിയുവിൽനിന്ന് ലഭ്യമാകുന്ന അഞ്ചുലക്ഷം ടൺ പ്രൊപിലിൻ പ്രയോജനപ്പെടുത്തി പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങൾ നിർമിച്ചാലേ ഐആർഇപി നിക്ഷേപത്തിന്റെ ആദായം തിരിച്ചുപിടിക്കാനാകൂ. ഇതിന്റെ ഭാഗമായാണ് രണ്ടുഘട്ടമായി പെട്രോകെമിക്കൽ പദ്ധതിയുമായി ബിപിസിഎൽ മുന്നോട്ടുപോയത്.
ആദ്യഘട്ടത്തിൽ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പദ്ധതി (പിഡിപിപി) ആരംഭിച്ചു. പെട്രോ എഫ്സിസിയുവിൽ ഉൽപ്പാദിപ്പിക്കുന്ന അഞ്ചുലക്ഷം ടൺ പ്രൊപിലിന്റെ പകുതിയാണ് ഇവിടെ ഉപയോഗിക്കാനാകൂ. ഇന്ത്യയിൽ വലിയതോതിൽ ഇറക്കുമതി ചെയ്യുന്ന പെട്രോ കെമിക്കൽ ഉൽപ്പന്നങ്ങളാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. രണ്ടംഘട്ടത്തിലാണ് പോളിയോൾസ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ നടപടികൾ മുന്നോട്ടുപോകുന്നതിനിടെയാണ് സ്വകാര്യവൽക്കരണം പ്രഖ്യാപിച്ചത്. റിഫൈനറിയിലെ വിവിധ പദ്ധതികളെ ആശ്രയിച്ച് ജീവിക്കുന്ന പതിനായിരക്കണക്കിന് താൽക്കാലിക തൊഴിലാളികളുടെ പ്രതീക്ഷയും ഇതോടെ അവസാനിച്ചു. ഉപേക്ഷിച്ച പദ്ധതിക്കായി ചെലവഴിച്ച തുക റിഫൈനറിക്കുചുറ്റും മലിനീകരണത്തിന്റെ ഭാഗമായി ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ സ്ഥലം ഏറ്റെടുക്കാൻ ഉപയോഗിക്കാമായിരുന്നെന്നാണ് തൊഴിലാളികൾ പറയുന്നത്.