പേരാവൂർ: പ്ലാസ്റ്റിക് ഫ്രീ കണ്ണൂരിന്റെ ഭാഗമായി പേരാവൂർ പഞ്ചായത്തിലെ 30 കിലോമീറ്റർ പ്രധാന റോഡരിക് മാലിന്യ മുക്തമാക്കും. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ എല്ലാ മേഖലകളിലുമുള്ളവരെ പങ്കെടുപ്പിച്ച് ശനിയാഴ്ച കല്ലേരിമലയിൽ നടക്കുന്ന പാതയോര ശുചീകരണം രാവിലെ ഒൻപതിന് സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഒന്നാം ഘട്ടത്തിൽ പഞ്ചായത്തിലെ പ്രധാന റോഡരികുകളും പിന്നീട് അനുബന്ധ പാതയോരങ്ങളും ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ഗ്രാമീണ റോഡുകളും പാതയോരങ്ങളും ശുചീകരിക്കുന്നതിന് ‘ക്ലീൻ കേരള ഗ്രീൻ കേരള’യുടെ ഭാഗമായി പഞ്ചായത്തിൽ പ്ലാസ്റ്റിക് ചലഞ്ച് സംഘടിപ്പിക്കും. പഞ്ചായത്തിലെ 50 സ്ത്രീകളെ ഉൾപ്പെടുത്തി തുണി സഞ്ചി നിർമാണ പരിശീലന പരിപാടി 21, 22 തീയതികളിൽ നടത്തും.
യോഗത്തിൽ പേരാവൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ,പഞ്ചായത്ത് അസി.സെക്രട്ടറി ജോഷ്വാ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി. ഗീത, ജൂബിലി ചാക്കോ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എം. ഷൈലജ എന്നിവർ സംസാരിച്ചു. വ്യാപാര സംഘടന, രാഷ്ട്രീയ പാർട്ടി, സാമൂഹിക സന്നദ്ധ സംഘടന, യുവജന സംഘടന, ചുമട്ട് തൊഴിലാളി എന്നിവയുടെ പ്രതിനിധികൾ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.