ഇന്ത്യയിലെ ലൈംഗീക പീഡന നിരക്ക് ഉയരുന്നത് ചില സ്ത്രീകൾ ശിരോവസ്ത്രം ധരിക്കാത്തതിനാലാണെന്ന് കർണാടകയിലെ കോൺഗ്രസ് എംഎൽഎ. ശിരോവസ്ത്രവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവാദം കത്തിപ്പടരുന്നതിനിടെയാണ് എംഎൽഎ സമീർ അഹമ്മദിന്റെ പ്രതികരണം.
ഹിജാബ് എന്നാൽ ഇസ്ലാമിൽ ‘പർദ’ എന്നാണ്. പ്രായപൂർത്തിയായ പെൺകുട്ടികളുടെ സൗന്ദര്യം മറയ്ക്കാനാണിത്. ഇന്ന് നമ്മുടെ നാട്ടിലെ ബലാത്സംഗ നിരക്ക് ഏറ്റവും ഉയർന്നതാണെന്ന് കാണാൻ കഴിയും. എന്താണ് ഇതിന് കാരണമെന്നാണ് നിങ്ങൾ കരുതുന്നത്? കാരണം, പല സ്ത്രീകളും വസ്ത്രം ധരിക്കാറില്ല- സമീർ അഹമ്മദ് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഹിജാബ് ധരിക്കുക എന്നത് നിർബന്ധമല്ല. സ്വയം സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവരും സൗന്ദര്യം മറ്റുള്ളവരെ കാണിക്കാൻ ആഗ്രഹിക്കാത്തവരും മാത്രം ധരിക്കുന്നു. ഇത് വർഷങ്ങളായി ആളുകൾ ഉപയോഗിച്ച് വരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.