എല്ലാ മാസവും പത്താം തീയതിക്കകം റേഷൻ സാധനങ്ങൾ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും വാതിൽപ്പടി വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കേരളത്തിലെ റേഷൻ വ്യാപാര രംഗത്തെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് റേഷൻ വ്യാപാരികളുടെ സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. റേഷൻ വ്യാപാരികൾ സർക്കാരിലേക്ക് അടയ്‌ക്കേണ്ട റേഷൻ സാധനങ്ങളുടെ തുക വ്യാപാരികളുടെ കമ്മിഷനിൽ നിന്നും തട്ടിക്കിഴിക്കുന്ന പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ഈ പദ്ധതിയിലൂടെ മാസത്തിന്റെ ആദ്യ ദിവസങ്ങളിൽ റേഷൻ കടകളിൽ റേഷൻ സാധനങ്ങൾ ലഭ്യമാക്കാൻ കഴിയും. റേഷൻ വ്യാപാരികളുടെ ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഏർപ്പെടുത്തണമെന്ന വ്യാപാരികളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. റേഷൻ സാധനങ്ങൾ കൃത്യായ അളവിലും തൂക്കത്തിലും എഫ്.സി.ഐയുടെയും എൻ.എഫ്.എസ്.എയുടെയും ഗോഡൗൺ വഴി വാതിൽപ്പടി വിതരണം നടത്തും. റേഷൻ കടകളിലെ ഇ-പോസ് മെഷീനെ ത്രാസ്സുമായി ബന്ധിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കും. ഗ്രാമീണ മേഖലയിലെ റേഷൻ കടകൾക്ക് മുൻഗണന നൽകിക്കൊണ്ട് ആയിരം റേഷൻ കടകളെ സ്മാർട്ട് കടകളാക്കി മാറ്റുന്ന പദ്ധതി നടപ്പിലാക്കും. റേഷൻ കടകൾ അനുവദിക്കുമ്പോൾ സെയിൽസ്മാൻമാർക്ക് മുൻഗണന ലഭിക്കുന്ന തരത്തിൽ റേഷൻ നിയമത്തിൽ മാറ്റങ്ങൾ വരുത്തും. ഓരോ റേഷൻ വ്യാപാരിക്കും അതാത് റേഷൻ കട സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഏറ്റവും കൂടുതൽ നെറ്റ്‌വർക്കുള്ള കമ്പനികളുടെ സിംകാർഡ് ഉപയോഗിക്കുന്നതിന് അനുമതി നൽകും. റേഷൻ വ്യാപാരികൾക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി പ്രകാരം കോവിഡ് ബാധിച്ച് മരണപ്പെട്ട റേഷൻ വ്യാപാരികളുടെ അനന്തരാവകാശികൾക്ക് ഇൻഷുറൻസ് തുക വേഗത്തിലാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിന് റേഷൻ വ്യാപാരികളുടെ സംഘടനകളുടെ സഹകരണം മന്ത്രി അഭ്യർത്ഥിച്ചു.
റേഷൻ കടകളിലൂടെ മണ്ണെണ്ണ ഉൾപ്പെടെയുള്ള സാധനങ്ങൾ വാതിൽപ്പടി വഴി വിതരണം സാധ്യമാക്കണമെന്ന വ്യാപാരികളുടെ ആവശ്യം നടപ്പിലാക്കുന്നതിന് സർക്കാർ സന്നദ്ധമാണെന്ന് മന്ത്രി പറഞ്ഞു.
ഹജ്ജ് തീർത്ഥാടനത്തിനായി പോകുന്ന വ്യാപാരികൾക്ക് മൂന്നു മാസം വരെ നിയമപരമായ അവധി അനുവദിക്കണമെന്ന സംഘടനാനേതാക്കളുടെ ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചു. അതുപോലെ റേഷൻ വ്യാപാരികൾക്ക് വേതന പാക്കേജ് നടപ്പിലാക്കുമ്പോൾ എല്ലാ വ്യാപാരികൾക്കും മിനിമം വേജസ് ഉറപ്പാക്കണമെന്ന് സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു. പൊതുവിതരണ രംഗത്ത് നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും റേഷൻ വ്യാപാരികളുടെ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് നേതാക്കൾ മന്ത്രിക്ക് ഉറപ്പു നൽകി.
യോഗത്തിൽ സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബു, സിവിൽ സപ്ലൈസ് മാനേജിംഗ് ഡയറക്ടർ സഞ്ജീവ് കുമാർ പട്‌ജോഷി തുടങ്ങിയവർ പങ്കെടുത്തു.