തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ ഉപയോഗശൂന്യമായ പൊതുകിണറുകൾ നികത്തുകയും പൊതുകിണറുകൾക്ക് ഭിത്തി നിർമിക്കുകയും ചെയ്യണം. കുളങ്ങൾക്കും മറ്റും കമ്പിവേലിയോ അപകടസാധ്യത ചൂണ്ടിക്കാട്ടിയുള്ള ബോർഡോ മറ്റ് സുരക്ഷാമാർഗ്ഗങ്ങളോ വേണം. സ്വകാര്യ വ്യക്തികളുടെ കുളങ്ങളും തടാകങ്ങളും സംരക്ഷണ മതിലോ കമ്പിവേലിയോ കെട്ടി സുരക്ഷിതമാക്കേണ്ട ഉത്തരവാദിത്തം ഉടമകൾക്കായിരിക്കും. ഇക്കാര്യം പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണം.
വീടുകൾക്കകത്തോ വീടുമായി ബന്ധപ്പെട്ടോ നിർമിക്കുന്ന നീന്തൽ കുളങ്ങൾക്കും ജലസംഭരണികൾക്കും സംരക്ഷണ വേലിയോ അപകടം ഒഴിവാക്കുന്നതിനാവശ്യമായ മറ്റു സുരക്ഷാമാർഗ്ഗമോ ഏർപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അന്തിമ പ്ലാൻ അംഗീകരിച്ചു നൽകുന്നതിന് മുൻപായി ഇക്കാര്യം ഉറപ്പാക്കണം.
ഇതിനാവശ്യമായ വ്യവസ്ഥകൾ 2019ലെ കേരള പഞ്ചായത്ത് ബിൽഡിങ് റൂൾസിലും, മുനിസിപ്പാലിറ്റി റൂൾസിലും ഉൾപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും നഗരകാര്യം–പഞ്ചായത്ത് ഡയറക്ടർമാർക്കും ബാലാവകാശ കമ്മിഷൻ നിർദേശം നൽകി. ദേശീയ ബോധവൽക്കരണ ക്യാംപെയ്നായ രക്ഷക് പദ്ധതിയുടെ സംസ്ഥാന അംബാസഡർ അമൽ സജി നൽകിയ ഹർജി പരിഗണിച്ചാണ് കമ്മിഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.