22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഫെബ്രുവരി 21 മുതല്‍ സ്‌കൂളുകളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ ക്ലാസ്; വിശദാംശങ്ങളറിയാം
Kerala

ഫെബ്രുവരി 21 മുതല്‍ സ്‌കൂളുകളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ ക്ലാസ്; വിശദാംശങ്ങളറിയാം

ഫെബ്രുവരി 21 മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ രാവിലെ മുതല്‍ വൈകിട്ടു വരെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി ക്ലാസുകള്‍ ക്രമീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി 14 മുതല്‍ ഒന്നു മുതല്‍ 9 വരെ ക്‌ളാസുകളില്‍ രാവിലെ മുതല്‍ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതുഅവധി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളും പ്രവൃത്തി ദിവസങ്ങളായിരിക്കും. 10, 11, 12 ക്ലാസുകള്‍ ഇപ്പോഴത്തേതുപോലെ ഫെബ്രുവരി 19 വരെ തുടരും. പത്തു മുതല്‍ പ്ലസ്ടു വരെയുള്ള ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഈ മാസം 28നകം പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു. തുടര്‍ന്ന് റിവിഷന്‍ ആരംഭിക്കും.

ക്രഷ്, കിന്റര്‍ഗാര്‍ട്ടന്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ പ്രീ-പ്രൈമറി ക്ലാസുകള്‍ ആരംഭിച്ചു.പ്രീപ്രൈമറിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ 50 ശതമാനം കുട്ടികളെ ഉള്‍പ്പെടുത്തിയാവും ക്‌ളാസ് നടക്കുക. എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് 16 ന് ആരംഭിക്കും. വിശദമായ ടൈംടേബിള്‍ പ്രസിദ്ധീകരിക്കും. ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരമാവധി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പാഠഭാഗങ്ങളുടെ വിനിമയം സംബന്ധിച്ചും, പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകള്‍ നടത്തുകയും റിപ്പോര്‍ട്ട് ഡി.ഡി.ഇ/ആര്‍.ഡി.ഡി/ എ.ഡി തലത്തില്‍ ക്രോഡീകരിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുകയും വേണം. ശനിയാഴ്ചകളില്‍ സ്‌കൂള്‍തല എസ്.ആര്‍.ജി ചേര്‍ന്ന് പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും കുട്ടികളുടെ പഠനനേട്ടം ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയും വേണം.

എസ്.എസ്.എല്‍.സി പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനധ്യാപകര്‍ മുഖേന ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കണം. ക്രോഡീകരിച്ച റിപ്പോര്‍ട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്ലസ്ടുവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍മാര്‍ മുഖേന ബന്ധപ്പെട്ട റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കണം.

ക്രോഡീകരിച്ച റിപ്പോര്‍ട്ട് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കണം. പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ട പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ അതത് സ്‌കൂള്‍ തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക കര്‍മ്മപദ്ധതി അതത് സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കി നടപ്പാക്കണം. കുട്ടികള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതും മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ ഉതകുന്നതുമായ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികള്‍ക്ക് നല്‍കും. ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ ഇതു സംബന്ധിച്ച് പ്രത്യേകമായ ഊന്നല്‍ നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

Related posts

കെ യു ആർ ടി സി ബസുകൾ സംസ്ഥാന സർക്കാരിന് കടുത്ത ബാധ്യത; ഘട്ടഘട്ടമായി ഒഴിവാക്കുകയാണെന്ന് ഗതാഗതമന്ത്രി

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി​യെ ലാഭത്തിലാക്കാൻ മൂന്ന് മേഖലകളാക്കും

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox