ഇരിട്ടി : ഒരു വർഷം മുൻപേ സ്വന്തം ഭൂമിയിൽ കെട്ടിടം പൂർത്തിയായിട്ടും ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്തതിനെതിരേ ജനരോഷം കനക്കുന്നു. ഇരിട്ടി – മട്ടന്നൂർ പാതയിൽ അപകടാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ച് അതേസ്ഥലത്താണ് മൂന്നു നിലയിലുള്ള പുതിയ കെട്ടിട സമുച്ചയം പണിതിരിക്കുന്നത്. ഇവിടെ നിന്നും മാറി മതിയായ വാഹനസൗകര്യമില്ലാത്ത കിലോമീറ്റർ അപ്പുറത്തുള്ള വാടകക്കെട്ടിടത്തിലാണ് രണ്ടു വർഷത്തിലേറെയായി രജിസ്ട്രാഫീസ് പ്രവർത്തിക്കുന്നത്. ഇലട്രിക്കൽ- ഫർണിഷിംഗ് പ്രവർത്തി ഉൾപ്പെടെ കഴിഞ്ഞിട്ടും അധികൃതർ പുതിയ കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിസ്ഥാപിക്കാൻ വൈമുഖ്യം കാണിക്കുകയാണ്. ഇതാണ് ശക്തമായ ജനരോഷത്തിനിടയാക്കുന്നത്.
കാലപ്പഴക്കത്താൽ തകർച്ചയിലായ കെട്ടിടം പൊളിച്ച് രണ്ടു കോടി രൂപ ചിലവിലാണ് പുതിയ കെട്ടിട സമുച്ചയം നിർമ്മിച്ചത്. 2020 ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയായി കെട്ടിടം കൈമാറണമെന്നായിരുന്നു കരാര്‍. എന്നാല്‍ കൊവിഡ് വ്യാപനവും തുടർന്നുവന്ന ലോക്ക്ഡൗണും പണി വൈകിപ്പിക്കാനിടയായി. ജനങ്ങൾക്ക് ഏറെ സൗകര്യപ്രദമായ സ്ഥലത്ത് കെട്ടിടം പണി പൂർത്തിയായിട്ടും അത് തുറന്നു കൊടുക്കാതെ അസൗകര്യങ്ങൾ നിറഞ്ഞ സ്ഥലത്ത് ഓഫീസ് പ്രവർത്തനം തുടരുന്നത് ആധാരം എഴുത്തുകാരെയും പൊതുജനങ്ങളെയും ഒരുപോലെ വിഷമിപ്പിക്കുകയാണ്. രജിസ്ട്രേഷൻ സംബന്ധമായ ആവശ്യത്തിന് ഓഫിസിലെത്തുന്ന വയോധികരുൾപ്പെടെ ഉള്ളവർ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
അതേസമയം നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയ കെട്ടിടം എത്രയും പെട്ടെന്ന് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ആധാരമെഴുത്തുകാരുടെ സംഘടനയായ എ കെ ഡബ്ല്യൂ എസ് എ ഇരിട്ടി മേഖല പ്രസിഡണ്ട് എം.പി. മനോഹരൻ മുഖ്യമന്ത്രിക്കും രജിസ്‌ട്രേഷൻ വകുപ്പു മന്ത്രിക്കും നിവേദനം നൽകി. കെട്ടിടം പണി പൂർത്തികരിച്ച് കഴിഞ്ഞിട്ടും ഓഫിസ് പ്രവർത്തനക്ഷമമാക്കാത്തത് മൂലം ആധാരമെഴുത്തുകാരും പൊതുജനങ്ങളും ഏറെ പ്രയാസമനുഭവിക്കുകയാണ് . ഒപ്പം ഉളിയിൽ സബ് രജിസ്‌റാഫീസ് എന്നത് മാറ്റി ഇരിട്ടിസബ് രജിസ്ട്രാഫീസ് എന്ന് പുനർ നാമകരണം ചെയ്യണമെന്നും മനോഹരൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.