ഇരിട്ടി: കീഴൂർ തെരു കാവൂട്ട് പറമ്പ് ഗണപതി മഹാദേവക്ഷേത്ര പ്രതിഷ്ടാദിന മഹോത്സവത്തോടനുബന്ധിച്ച് ഉത്സവത്തിലെ പ്രധാനചടങ്ങായ തേങ്ങമുട്ട് വെള്ളിയാഴ്ച നടന്നു. സമുദായ തന്ത്രി ഡോക്ടർ വിനായക് ചന്ദ്ര ദീക്ഷിതരുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. വിശ്വൻ കോമരം തേങ്ങമുട്ടിന് നേതൃത്വം നൽകി. ചുറ്റും നർത്തകരായ കോമരങ്ങൾ ഉറഞ്ഞു തുള്ളിയപ്പോൾ ഒറ്റയിരുപ്പിൽ രണ്ടായിരത്തി അഞ്ഞൂറിലേറെ തേങ്ങകളാണ് വിശ്വൻ കോമരം ഇരുകൈകളും കൊണ്ടും നിർത്താതെ എറിഞ്ഞുടച്ചത്. തുടർന്ന് തുലാഭാരം തൂക്കൽ, കുട്ടികൾക്ക് പായസം കൊടുക്കൽ തുടങ്ങിയ ചടങ്ങുകളും നടന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ കലാപരിപാടികളും ആഘോഷങ്ങളും ഒഴിവാക്കി ഉത്സവ ചടങ്ങുകൾ മാത്രമാണ് നടന്നത്. ശനിയാഴ്ച സംക്രമ വിശേഷാൽ പൂജകൾ , പകൽവിളക്ക്, അന്നദാനം എന്നിവക്ക് ശേഷം ഉച്ചയോടെ ഉത്സവം സമാപിക്കും.
previous post