വരുന്ന ഏപ്രില്‍ മുതല്‍ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കുമ്ബോള്‍, രാത്രികാല ഉപഭോഗം പീക്ക് അവറായി കണക്കാക്കി കൂടുതല്‍ നിരക്ക് ഈടാക്കാനുള്ള ശുപാര്‍ശ കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു.
സ്മാര്‍ട്ട് മീറ്ററിനൊപ്പം പീക്ക് അവര്‍ വര്‍ദ്ധനയും വേണമെന്നും അതെത്രയെന്ന് പിന്നീട് സമര്‍പ്പിക്കാമെന്നും ശുപാര്‍ശയിലുണ്ട്. ഇതാദ്യമായാണ് സംസ്ഥാനത്ത് സമയം നോക്കി നിരക്ക് നിശ്ചയിക്കാന്‍ പോകുന്നത്. 20 മുതല്‍ 35 ശതമാനം വരെ അധികനിരക്കാണ് പരിഗണനയിലുള്ളത്.
2010ലെ കേന്ദ്ര വൈദ്യുതി നിയമച്ചട്ടത്തിലാണ് വൈദ്യുതി ഉപഭോഗത്തിന് ടൈംസോണ്‍ നിര്‍ദ്ദേശിച്ചത്. രാവിലെ 8 മുതല്‍ വൈകിട്ട് ആറു വരെ നോര്‍മല്‍ ടൈം, വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ പീക്ക് ടൈം, രാത്രി 10 മുതല്‍ പിറ്റേന്ന് രാവിലെ 8 വരെ ഓഫ്പീക്ക് ടൈം എന്നിങ്ങിനെയാണ് ടൈംസോണ്‍. ഇതില്‍ പീക്ക് ടൈം വൈകിട്ട് അഞ്ചു മുതല്‍ രാത്രി 11 മണിവരെയാക്കി അതിനനുസരിച്ച് മറ്റ് രണ്ട് ടൈം സോണുകളില്‍ മാറ്റം വരുത്താന്‍ അനുവദിക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നു.
നിലവിലെ മീറ്ററുകളില്‍ ടൈം സോണ്‍ അനുസരിച്ച് ഉപഭോഗം വേര്‍തിരിക്കാന്‍ സംവിധാനമില്ല. അതുകൊണ്ട് പുതുയ കണക്‌ഷനുള്‍പ്പെടെ സ്മാര്‍ട്ട് മീറ്റര്‍ നിര്‍ബന്ധമാക്കി രാത്രികാല ഉപഭോഗത്തിന് അധിക നിരക്കീടാക്കുനും നടപടി സ്വീകരിക്കും.
വൈദ്യുതി വാങ്ങുന്ന പവര്‍ എക്സ്ചേഞ്ചുകളില്‍ പീക്ക് സമയങ്ങളിലെ നിരക്ക് കൂടുതലാണ്. രാത്രി ഉപഭോഗത്തിന് അധികനിരക്ക് ഈടാക്കിയാല്‍ പുറത്തു നിന്ന് ഉയര്‍ന്ന വിലയ്ക്ക് വാങ്ങുന്നത് കുറയ്ക്കാമെന്നും ഇതോടെ പ്രവര്‍ത്തനനഷ്ടം കുറയുമെന്നും കെ.എസ്.ഇ.ബി കണക്കു കൂട്ടുന്നു.
ഗാര്‍ഹികം യൂണിറ്റിന് 5.44 രൂപ
യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ദ്ധന കമ്മിഷനോട് ചോദിച്ചിട്ടുണ്ടെങ്കിലും ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള നിരക്ക് വര്‍ദ്ധന നേരത്തേ സമര്‍പ്പിച്ചതിനെ അപേക്ഷിച്ച് കുറച്ചാണ് നല്‍കിയിരിക്കുന്നത്. പ്രതിമാസം 500 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി 8.8 ശതമാനം നിരക്ക് വര്‍ദ്ധനയാണ് തേടിയിരിക്കുന്നത്. അതേസമയം ഫിക്സഡ് ചാര്‍ജ്ജില്‍ 40 ശതമാനം വര്‍ദ്ധനയും ആവശ്യപ്പെടുന്നുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ശരാശരി യൂണിറ്റ് നിരക്ക് നിലവില്‍ 5.02 രൂപയാണ്. ഇത് 5.44 രൂപയാക്കാനാണ് നിര്‍ദ്ദേശം. അതേ സമയം ഫിക്സഡ് ചാര്‍ജ്ജ് 15 മുതല്‍ 150 രൂപ വരെ കൂട്ടാന്‍ അനിവദിക്കണമെന്നും പറയുന്നു.
1.15- 1.75 രൂപ- ഒരു യൂണിറ്റ് വൈദ്യുതി വിതരണം ചെയ്യുമ്ബോള്‍ നഷ്ടം
0.24- 0.14രൂപ -നിരക്ക് വര്‍ദ്ധന നടപ്പാക്കിയാല്‍ കുറയുന്നത്