തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് പരിശോധനകളുടെ നിരക്ക് കുറച്ച് സർക്കാർ ഉത്തരവിറക്കിയിട്ടും സ്വകാര്യ ലാബുകളിൽ ഇപ്പോഴും ഉയർന്ന നിരക്ക് ഈടാക്കുന്നതായി പരാതി. ആർടിപിസിആർ പരിശോധനയ്ക്കാണ് ഇന്നലെയും പഴയ നിരക്ക് ഈടാക്കിയതായി വിവിധ ജില്ലകളിൽ നിന്ന് പരാതി ഉയർന്നത്. പരാതി ലഭിച്ചാൽ ഉയർന്ന നിരക്ക് ഈടാക്കുന്ന ലാബുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500ൽ നിന്ന് 300 രൂപയായും ആന്റിജൻ പരിശോധനയുടെ നിരക്ക് 300ൽ നിന്ന് 100 ആയും കുറച്ച് ബുധനാഴ്ചയാണ് സർക്കാർ ഉത്തരവിട്ടത്. എന്നാൽ ഇതു സംബന്ധിച്ച് അറിയിപ്പൊന്നും തങ്ങൾക്കു ലഭിച്ചില്ലെന്നു പറഞ്ഞാണ് ഇന്നലെ പല ലാബുകളും പഴയ നിരക്ക് ഈടാക്കിയത്.
വിമാനത്താവളത്തിലുൾപ്പെടെ എല്ലാ കോവിഡ് പരിശോധകളുടെയും നിരക്ക് സർക്കാർ കുറച്ചിരുന്നു. എൻ95 മാസ്കിനും പിപിഇ കിറ്റിനും പരമാവധി വില യഥാക്രമം 15, 175 രൂപയായും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.