ഈ വർഷത്തെ ആദ്യ കുരങ്ങുപനി കേസ് വയനാട് തിരുനെല്ലി പഞ്ചായത്തിലെ 24കാരന് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുരങ്ങുപനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
വനവുമായി ബന്ധപ്പെട്ട ജോലിയിൽ ഏർപ്പെട്ട യുവാവിന് പനിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അപ്പപ്പാറ സിഎച്ച്സിയിൽ ചികിത്സ തേടുകയും തുടർന്ന് കുരങ്ങുപനി സംശയിക്കുകയും വയനാട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ സാന്പിൾ പരിശോധനയിൽ കുരങ്ങുപനി സ്ഥിരീകരിച്ചു.
ഇതിനെ തുടർന്ന് പഞ്ചായത്തിലെ 21 പേരുടെ സാന്പിൾ പരിശോധിച്ചതിൽ ആർക്കും കുരങ്ങുപനി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒരു മാസം മുന്പ് കർണാടകയിൽ കുരങ്ങുപനി റിപ്പോർട്ട് ചെയ്തത് മുതൽ തന്നെ ജില്ലയിൽ മുൻകരുതൽ നടപടികളും പ്രതിരോധ പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ജില്ലാ വെക്ടർ കണ്ട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ അപ്പപ്പാറ, ബേഗുർ ഭാഗങ്ങളിൽ കുരങ്ങുപനിയുടെ ചെള്ളിന്റെ സാന്നിധ്യം കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ വനത്തിന് പുറത്ത് നിന്ന് ശേഖരിച്ച ചെള്ളുകളിൽ കുരങ്ങുപനിയുടെ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ജില്ലയിൽ വേനൽ കനക്കുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം. ഡിസംബർ മുതൽ ജൂണ് വരെയാണ് സാധാരണയായി രോഗം കണ്ടുവരുന്നത്. കുരങ്ങുകൾ ചത്തുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
മുൻകരുതലുകൾ
കുരങ്ങുപനി ഒരു വൈറസ് രോഗമാണ്. ഉണ്ണി, പട്ടുണ്ണി, വട്ടൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ചെള്ളുകളാണ് രോഗം പരത്തുന്നത്. കുരങ്ങുകളിലാണ് ഈ രോഗം കണ്ടുവരുന്നതെങ്കിലും ചെള്ളിന്റെ കടിയേൽക്കുന്നതിലൂടെ മനുഷ്യരിലേക്കും ഇതു പകരുന്നു.
ശക്തമായ പനി അല്ലെങ്കിൽ വിറയലോടുകൂടിയ പനി, ശരീരവേദന അല്ലെങ്കിൽ പേശിവേദന, തലവേദന, ഛർദ്ദി, കടുത്ത ക്ഷീണം, രോമകൂപങ്ങളിൽ നിന്ന് രക്തസ്രാവം, അപസ്മാരത്തോടുകൂടിയോ അല്ലാതെയോ ഉള്ള തലകറക്കം, സ്ഥലകാല ബോധമില്ലായ്മ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഉള്ളവർക്ക് രോഗം പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എങ്കിലും മേൽപറഞ്ഞ ലക്ഷണങ്ങളുള്ള, സ്ഥിരമായി വനവുമായി ബന്ധപ്പെട്ട് കഴിയുന്നവർക്ക് കുരങ്ങുപനി സംശയിക്കാവുന്നതാണ്. ഈ ലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകൾ നടത്തുകയും വേണം.
കുരങ്ങുപനി കാണപ്പെട്ട പ്രദേശങ്ങളിലെ വനത്തിനുള്ളിൽ കഴിവതും പോകാതിരിക്കുക. വനത്തിൽ പോകേണ്ടിവരുന്നവർ ചെള്ള് കടിയേൽക്കാതിരിക്കാൻ കട്ടിയുള്ള ഇളം നിറത്തിലുള്ള നീണ്ട വസ്ത്രങ്ങൾ ധരിക്കുക. വസ്ത്രത്തിന് പുറമെയുള്ള ശരീരഭാഗങ്ങളിൽ ചെള്ളിനെ അകറ്റുന്ന ലേപനങ്ങൾ പുരട്ടുക. വനത്തിൽ നിന്ന് തിരിച്ചുവരുന്നവർ ശരീരത്തിൽ ചെള്ള് കടിച്ചിരിക്കുന്നില്ലെന്നു വിശദമായി പരിശോധിച്ച് ഉറപ്പുവരുത്തണം.
വനത്തിൽ പോകുന്ന കന്നുകാലികളുടെ ദേഹത്ത് ചെള്ള് പിടിക്കാതിരിക്കാനുള്ള മരുന്ന് മൃഗാശുപത്രികളിൽ ലഭ്യമാണ്. അവ വാങ്ങി കന്നുകാലികളുടെ ശരീരത്തിൽ പുരട്ടുക. കുരങ്ങുകൾ ചത്തുകിടക്കുന്നതായി കണ്ടാൽ വനംവകുപ്പ് അധികൃതരെയോ ആരോഗ്യപ്രവർത്തകരെയോ ഉടൻ വിവരം അറിയിക്കുക. കടുത്ത തലവേദന, ക്ഷീണം എന്നിവയോടുകൂടിയ പനിയുള്ളവർ സ്വയം ചികിത്സയ്ക്ക് മുതിരാതെ തുടക്കത്തിൽ തന്നെ ഡോക്ടറുടെ ഉപദേശം തേടുക. വനത്തിൽ പോയവർ അക്കാര്യം ഡോക്ടറോട് പറയാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ വനത്തിൽ പോയി തിരിച്ചു വന്നാൽ ഉടൻ കുളിക്കുന്നത് കുരങ്ങുപനി പിടിപെടാതിരിക്കുന്നതിന് സഹായകരമാകും.
1957 ൽ കർണാടകയിലെ ഷിമോഗ ജില്ലയിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. കുരങ്ങുകളുടെ കൂട്ടത്തോടെയുള്ള മരണം കാരണം നാട്ടുകാർ കുരങ്ങുപനി എന്ന് വിളിച്ചു. കൈസനൂർ വനത്തിൽ നിന്നും ആദ്യമായി വൈറസിനെ വേർതിരിച്ചെടുത്തതിനാൽ കൈസനൂർ ഫോറസ്റ്റ് ഡിസീസ് എന്നു പേരുവന്നു.