കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ നിലനില്‍പ്പ് പ്രതിസന്ധിയിലായ കഴക്കൂട്ടം സൈനിക് സ്‌കൂളിനെ സംരക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്ന് സ്‌കൂള്‍ സന്ദര്‍ശിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളില്‍ എത്തിയ മന്ത്രിയെ പ്രിന്‍സിപ്പലും ജീവനക്കാരും പിടിഎ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.
സംസ്ഥാനത്തെ ഏക സൈനിക സ്‌കൂള്‍ ആയ കഴക്കൂട്ടം സൈനിക സ്‌കൂള്‍ കടുത്ത പ്രതിസന്ധിയില്‍ ആണ്. ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ കഴിയാതെ സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോന്റെ ശ്രമഫലമായാണ് കഴക്കൂട്ടം സൈനിക സ്‌കൂള്‍ നിലവില്‍ വന്നത്. സ്‌കൂളിനുള്ള കേന്ദ്ര സഹായം വര്‍ഷം ഒന്നേകാല്‍ കോടിക്ക് താഴെയാണ്. കുട്ടികളുടെ ഫീസ് ആണ് പിന്നെയുള്ള വരുമാനം. 1986–87 ല്‍ 7500 രൂപ ഫീസ് ഇന്ന് 79,000 രൂപ ആണ്. കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് നിലച്ചിരിക്കുകയാണ്. സ്‌കൂളില്‍ പഠിക്കുന്ന 605 കുട്ടികളില്‍ 67 ശതമാനവും മലയാളികളാണ്.
ഭാവി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണപത്രം ഒപ്പുവെക്കണമെന്ന് സൈനിക സ്‌കൂള്‍ അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഏറ്റെടുക്കുക, പാവപ്പെട്ട കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ് തുക കൂട്ടുക എന്നിവ അംഗീകരിച്ചാല്‍ സര്‍ക്കാരിന് വരുന്ന ചെലവ് പ്രതിവര്‍ഷം ആറു കോടി രൂപയാണ്. ഈ വര്‍ഷം ആറു കോടി രൂപ ലഭ്യമാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സൈനിക സ്‌കൂള്‍ കത്ത് നല്‍കിയിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കും.
കേരളത്തില്‍ രണ്ടാമതൊരു സൈനിക് സ്‌കൂള്‍ ആവശ്യപ്പെടാനുള്ള സാധ്യതയും നോക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, കൗണ്‍സിലര്‍ എം ബിനു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കേണല്‍ ധീരേന്ദ്രകുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ വിങ് കമാന്‍ഡര്‍ അല്‍ക്ക ചൗധരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലഫ്. കേണല്‍ ഷെല്ലി എം ദാസ് , പിടിഎ പ്രസിഡന്റ് സോണിയ രതീഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കടുത്തു.