21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വിമുക്തി മിഷൻ വാർഡുതല ഡ്രഗ് ഒബ്‌സർവറെ നിയമിക്കും
Kerala

വിമുക്തി മിഷൻ വാർഡുതല ഡ്രഗ് ഒബ്‌സർവറെ നിയമിക്കും

ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് വിമുക്തി മിഷൻ വാർഡ് തല സമിതികളിൽ ഡ്രഗ് ഒബ്‌സർവർമാരെ നിയമിക്കും. വിമുക്തി മിഷൻ ജില്ലാ ചെയർപേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കൾ എന്നിവയുടെ ഉപയോഗവും കേസുകളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ പ്രാദേശിക സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണിത്.
ഫെബ്രുവരി 28നകം വിമുക്തി വാർഡുതല സമിതികൾ ചേരാനും യുവാക്കൾക്കിടയിൽ നിന്നും ഒബ്‌സർവറെ നിയമിക്കാനും തദ്ദേശസ്ഥാപന അധ്യക്ഷന്മാർക്ക് നിർദേശം നൽകും. ഫെബ്രുവരി 20ന് മുമ്പായി തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേരും. ശേഷം വിവിധ സംഘടനാ പ്രതിനിധികളുടെയും സ്‌കൂൾ, കോളേജ് തലവന്മാരുടെയും യോഗവും ചേരും. ലഹരിക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്താൻ വിപുലമായ പ്രചരണങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിമുക്തി പ്രചരണ ജാഥ സംഘടിപ്പിക്കും. സൈക്കിൾ ക്ലബ്ബുകളുമായി സഹകരിച്ച് സൈക്കിൾ റാലികൾ സംഘടിപ്പിക്കും. വാർഡുതല സമിതികൾ ലഘുലേഖ തയ്യാറാക്കി എല്ലാ വീടുകളിലും എത്തിക്കും. അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
ലഹരിയുടെ പ്രഭവ കേന്ദ്രങ്ങൾ, ടർഫുകൾ എന്നിവിടങ്ങളിൽ പട്രോളിംഗ് ശക്തിപ്പെടുത്താനും നിർദ്ദേശമുണ്ടായി. കുട്ടികളിലെ സ്വഭാവ വ്യത്യാസങ്ങൾ മനസ്സിലാക്കാൻ രക്ഷിതാക്കളും അധ്യാപകരും ഇടപെടൽ നടത്തേണ്ടതിനെക്കുറിച്ചും കൗൺസലിംഗ് നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം ചർച്ച ചെയ്തു. ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമാക്കും.
ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ എം ജമുനാ റാണി, തളിപ്പറമ്പ് നഗരസഭ അധ്യക്ഷ ബി മുർഷിദ, ആന്തൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഉണ്ണികൃഷ്ണൻ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, പയ്യന്നൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി പി സമീറ, വി വി സജിത, കൂത്തുപറമ്പ് നഗരസഭ അംഗം പി ജയറാം, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ കെ എസ് ഷാജി, ഹുസൂർ ശിരസ്തദാർ പി പ്രേംരാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.എം പ്രീത, തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ വി വി ഷാജി, എസ് ഐ സി വി തമ്പാൻ തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

Related posts

മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു: ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കും

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 1792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

യുക്രെയ്നിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox