കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാര്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തി. വിദേശത്തുനിന്ന് എത്തുന്നവർ ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥ ഒഴിവാക്കി.
ഒമിക്രോൺ വകഭേദം പടർന്നതിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ റിസ്ക് രാജ്യങ്ങളെന്ന പട്ടിക ഒഴിവാക്കി. ഏഴു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്ന വ്യവസ്ഥയ്ക്കു പകരം രോലക്ഷണങ്ങൾ ഉണ്ടെങ്കിൽ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നാണ് പുതിയ നിർദേശം. പുതിയ മാർഗ നിർദേശം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പുതിയ മാർഗനിർദേശം അനുസരിച്ച്, വിദേശത്തുനിന്നും വരുന്ന എല്ലാവരും കഴിഞ്ഞ 14 ദിവസത്തെ യാത്രാ വിവരങ്ങൾ ഉൾപ്പെടെ സെൽഫ് ഡിക്ലറേഷൻ ഫോം ഓൺലൈനായി പൂരിപ്പിച്ച് നൽകണം. എയർ സുവിധ വെബ് പോർട്ടലിൽ ഫോം ലഭ്യമാണ്.
യാത്രാ തീയതിയുടെ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യണം. അതല്ലെങ്കിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് നൽകിയാലും മതിയാകും. ഇത്തരത്തില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമായ 72 രാജ്യങ്ങളുടെ പട്ടിക മന്ത്രാലയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ എത്തുമ്പോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ആശുപത്രിയിലേക്കു മാറ്റും. അഞ്ചു വയസില്‍ താഴെയുള്ളവരെ യാത്രയ്ക്കു മുമ്പും ശേഷവുമുള്ള പരിശോധനയില്‍ നിന്ന ഒഴിവാക്കി. എന്നാല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ഇവരും പരിശോധനയ്ക്കു വിധേയമാവണം.