ഹിജാബ് വിഷയത്തിൽ അന്തിമവിധി വരും വരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജിയിൽ തീർപ്പ് കൽപ്പിക്കും വരെ എല്ലാവരും സംയമനം പാലിക്കണമെന്നും കോടതി നിർദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥിനികൾ ഹിജാബ് ധരിക്കരുതെന്ന കർണാടക സർക്കാരിന്റെ ഉത്തരവിനെതിരേ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജി കൂടുതൽ വാദം കേൾക്കാനായി ഫെബ്രുവരി 14ലേക്ക് മാറ്റി.
ചീഫ് ജസ്റ്റീസ് റിതു രാജ് അവസ്തി ഉൾപ്പെട്ട മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാൻ നിർബന്ധം പിടിക്കരുത്. കോളജുകൾ ഉടൻ തുറക്കണമെന്നും കർണാടക ഹൈക്കോടതി നിർദേശിച്ചു.
ഉഡുപ്പി ജില്ലയിലെ മുസ്ലിം വിദ്യാർഥികളാണ് ക്ലാസ് മുറിയിൽ ഹിജാബ് നിരോധിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം ഒഴികെ മറ്റു വസ്ത്രം ധരിക്കരുതെന്നു ശനിയാഴ്ച കർണാടക സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടർന്നാണു സ്കൂൾ, കോളജുകളിൽ ശിരവോസ്ത്രം നിരോധിച്ചത്.