കൊച്ചി > ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. സിനിമയിൽ നിയമവിരുദ്ധമായൊന്നുമില്ലെന്ന പൊലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. സിനിമ കാണാതെയാണ് പലരും വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും ഉത്തരവിൽ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ ചൂണ്ടിക്കാട്ടി.
സിനിമയിലെ സംഭാഷണങ്ങൾ അതിരു കടന്ന അസഭ്യ പ്രയോഗങ്ങൾ ആണെന്നും തെറ്റായ സന്ദേശം നൽകുന്നത് ആണെന്നുമായിരുന്നു ഹർജിയിലെ ആരോപണം. ഈ സാഹചര്യത്തിൽ സിനിമയുടെ പ്രദർശനം തടയണം എന്നുമായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ കഥാസന്ദർഭം ആവശ്യപ്പെടുന്ന തരത്തിൽ ഉള്ളതാണ് സിനിമയിലെ സംഭാഷണങ്ങൾ എന്നും ഇതിൽ നിയമവിരുദ്ധമായി ഒന്നും ഇല്ലെന്നുമായിരുന്നു സിനിമ പരിശോധിച്ച ശേഷം ഡിജിപി കോടതിക്ക് റിപ്പോർട്ട് നൽകിയത്.