പേരാവൂർ: നിർദ്ദിഷ്ട മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം നാലുവരിപ്പാത പേരാവൂർ പഞ്ചായത്തിലൂടെ കടന്നു പോവുന്ന റൂട്ടിൻ്റെ ഗൂഗിൾ മാപ്പ് പേരാവൂരിൽ പ്രദർശിപ്പിച്ചു. തോലമ്പ്ര ചട്ടിക്കരിയിൽ നിന്ന് വെള്ളർ വള്ളി വായനശാലയിലേക്ക് 300 മീറ്റർ ദൈർഘ്യത്തിൽ ബൈപ്പാസോടെയാണ് പേരാവൂർ പഞ്ചായത്തിലെ നാലുവരിപ്പാത തുടങ്ങുന്നത്. അവിടെ നിന്ന് നിലവിലെ റോഡ് വീതികൂട്ടി വരുന്ന പാത പേരാവൂർ തെരു ഗണപതി ക്ഷേത്രം കഴിഞ്ഞ ശേഷമാണ് പുതിയ ബൈപ്പാസ് തുടങ്ങുന്നത്.ഈ ബൈപ്പാസ് ഇരിട്ടി റോഡിലെ കെ.കെ. ടയേഴ്സിനു മുന്നിലെത്തും. അവിടെയുള്ള കെ.കെ. ടയേഴ്സ് കെട്ടിടവും തൊട്ടടുത്ത കെ.കെ.പെട്രോൾ പമ്പും നിലവിലെ അലെയ്ൻമെൻറ് പ്രകാരം പൊളിച്ചു മാറ്റേണ്ടി വരും. അവിടെ നിന്ന് വയൽ വഴി കടന്നു പോവുന്ന പാത പുതു ശ്ശേരി റോഡിൽ ജുമാ മസ്ജിദിനു സമീപം പുതുശ്ശേരി റോഡ് ക്രോസ് ചെയ്ത് കൊട്ടം ചുരത്തിനു സമീപം കാഞ്ഞിരപ്പുഴക്കരികിലെത്തും.(പേരാവൂർ ടൗൺ പൂർണ്ണമായും ഒഴിവാക്കിയാണ് ബൈപ്പാസ് ).
അവിടെ നിന്ന് കൊട്ടംചുരം ടൗണിന് സമീപത്തെ വളവിലെത്തി നിലവിലെ പേരാവൂർ – മണത്തണ റോഡിൽ ജോയിൻ ചെയ്യും. പേരാവൂർ – മണത്തണ- തൊണ്ടിയിൽ ജംഗ്ഷന് സമീപത്ത് നിന്ന് റോഡിൻ്റെ ഇടതുഭാഗത്തേക്ക് മാറുന്ന പാത മണത്തണ സ്കൂൾ റോഡ് ജംങ്ങ്ഷനിലെത്തും.(മണത്തണ ടൗണിൽ നിന്ന് പേരാവൂർ ഭാഗത്തേക്ക് നിലവിലുള്ള റോഡിൽ ഏകദേശം നൂറു മീറ്ററോളം ദൂരം ഒഴിവാകും. ) മണത്തണ ജംഗ്ഷനിൽ നിന്ന് കണിച്ചാർ അതിർത്തി വരെ നിലവിലെ റോഡ് വീതി കൂട്ടിയാണ് നാലുവരിപ്പാത വരിക.