മാധ്യമ പ്രവർത്തകർക്കുള്ള കേന്ദ്ര അക്രഡിറ്റേഷൻ ചട്ടങ്ങൾ കടുപ്പിച്ച് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പുതുക്കിയ മാർഗ നിർദേശങ്ങളിലാണ് (സെൻട്രൽ മീഡിയ അക്രഡിറ്റേഷൻ 2022) മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷന് കടുത്ത നിബന്ധനകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായോ രാജ്യ സുരക്ഷയ്ക്ക് എതിരായോ വിദേശ രാജ്യങ്ങളുമായി ചങ്ങാത്തത്തിലായാലോ കോടതിയലക്ഷ്യം, മാനനഷ്ടം തുടങ്ങിയവയ്ക്ക് കാരണമാകുകയോ ചെയ്താലോ അക്രഡിറ്റേഷൻ റദ്ദാക്കുമെന്നാണ് പുതിയ ചട്ടങ്ങളിൽ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ അക്രഡിറ്റേഷൻ ഉള്ള മാധ്യമ പ്രവർത്തകരാണെന്ന വിവരം സോഷ്യൽ മീഡിയകളിലോ വിസിറ്റിംഗ് കാർഡുകളിലോ ലെറ്റർ ഹെഡുകളിലോ വെളിപ്പെടുത്തുന്നതിനും വിലക്കുണ്ട്.
2013ൽ ഇറക്കിയ മാർഗനിർദേശങ്ങളിൽ ഭേദഗതി വരുത്തിയാണ് ഇപ്പോൾ നിബന്ധനകൾ കടുപ്പിച്ച് പുതിയ മാർഗനിർദേശങ്ങൾ ഇറക്കിയിരിക്കുന്നത്.
എന്നാൽ, പുതുക്കിയ ചട്ടങ്ങൾ മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കൂച്ചുവിലങ്ങിടാനുള്ള സർക്കാരിന്റെ ശ്രമമാണെന്ന് ആരോപിച്ച് വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. മാധ്യമ പ്രവർത്തകരോടോ പ്രസ് ക്ലബ് ഓഫ് ഇ്ന്ത്യ അടക്കമുള്ള സമിതികളോടോ കൂടിയാലോചിക്കാതെയാണ് പുതിയ ചട്ടങ്ങൾ രൂപീകരിച്ച് സർക്കാർ നടപ്പാക്കുന്നതെന്നാണ് പ്രധാന വിമർശനം.
നിലവിലെ സാഹചര്യത്തിൽ വിമർശനങ്ങളും വിയോജിപ്പുകളും ഉയർത്തുന്നവരെയും സർക്കാരിനെതിരായ റിപ്പോർട്ടുകൾ നൽകുന്നവരെയും നിയന്ത്രിക്കാൻ ആണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന സെൻട്രൽ മീഡിയ അക്രഡിറ്റേഷൻ കമ്മിറ്റിയാണ് അക്രഡിറ്റേഷൻ ഉൾപ്പടെയുള്ള കാര്യങ്ങൾ തീരുമാനിക്കുക. പിഐബി ഡയറക്ടർ ജനറൽ ആയിരിക്കും ഇതിന്റെ അധ്യക്ഷൻ. സർക്കാർ നാമനിർദേശം ചെയ്യുന്ന 25 അംഗങ്ങളും ഉണ്ടായിരിക്കും.
രണ്ടു വർഷത്തേക്കാണ് കമ്മിറ്റിയുടെ കാലാവധി. കമ്മിറ്റിയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ എടുക്കുക. നിലവിൽ രാജ്യത്തെ 2400 മാധ്യമ പ്രവർത്തകർക്കു മാത്രമാണ് പിഐബി അക്രഡിറ്റേഷൻ ഉള്ളത്.