മലമ്പുഴ: പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തന്നെ തുടരുന്നു. അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. നേവിയുടെ സഹായം തേടേണ്ട സാഹചര്യമുണ്ടോ എന്നും നിലവില്‍ പരിശോധിക്കുന്നുണ്ട്.
മല കയറി കുടുങ്ങി
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെപോയി. ബാബു മലമുകളിലേയ്ക്ക് പോയി. മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു.
താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു. ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്‌നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി. എന്നാല്‍, രാത്രിയായിട്ടും രക്ഷാസംഘത്തിന് മുകളിലെത്തി ബാബുവിനെ താഴെയിറക്കാന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവും പ്രതിസന്ധിയാണ്.
രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ദുര്‍ഘടമായതിനാല്‍ ബാബുവിനെ രക്ഷിക്കാനായില്ല. മലയുടെ കീഴില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പോലീസും നാട്ടുകാരും കാത്തുനില്‍ക്കുകയാണ്.രക്ഷാപ്രവര്‍ത്തനത്തിന് രാത്രി 12 മണിയോടെ ജമാഅത്തെ ഇസ്ലാമിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ റിലീഫ് വിങ് സംഘടനയുമെത്തി. ജില്ലാ ലീഡര്‍ ജാഫറിന്റെ നേതൃത്വത്തില്‍ 12 പേരാണ് തിരച്ചിലിനായി രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളുമായി എത്തിയത്.
രാത്രി വെെകിയും രക്ഷാപ്രവര്‍ത്തനം
യുവാവിനെ തേടിയുള്ള രക്ഷാപ്രവര്‍ത്തനം അര്‍ധരാത്രിയിലും തുടര്‍ന്നു. വനപാലകരും അഗ്‌നിരക്ഷാസേനാംഗങ്ങളും പ്രാദേശിക ദുരിതാശ്വാസസേനയും മലമുകളില്‍ തിരച്ചില്‍ തുടരുകയായിരുന്നു. രാത്രി പത്തുമണിയോടെ മുകളിലുള്ളവര്‍ക്ക് ഭക്ഷണവും വെള്ളവുമായി മറ്റൊരു സംഘവും മലയിലേക്ക് തിരിച്ചു. മുകളിലുള്ളവര്‍ക്ക് ദിശാസൂചന നല്‍കുന്നതിനായി പോലീസ് അസ്‌ക വിളക്ക് തെളിയിച്ച് മലയടിവാരത്തില്‍ തുടര്‍ന്നു.
24 മണിക്കൂര്‍ പിന്നിടുമ്പോള്‍
ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ മലയിലേക്ക് പോയെങ്കിലും ബാബുവിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കാലുകളില്‍ മുറിവും പേശീവേദനയുമായി യുവാവ് ഇപ്പോഴും മലയിടുക്കില്‍ കഴിയുകയാണ്. യുവാവിനായുള്ള രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി തന്നെ തുടരുകയാണ്.
അപകടം നടന്ന് 24 മണിക്കൂറായിട്ടും യുവാവിനെ പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത എത്തിയിട്ടുണ്ട്. ഇവര്‍ക്കും യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ നേവിയുടെ സഹായം തേടുന്ന കാര്യവും നിലവില്‍ പരിശോധിക്കുന്നുണ്ട്.
സ്ഥലത്തെ എംഎല്‍എ, എംപി അടക്കമുള്ളവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. യുവാവിന് മറ്റ് ഗുരുതര പരിക്കുകള്‍ ഇല്ലെങ്കിലും കാലിന് ഒടിവുള്ളതിനാല്‍ അനങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്. എന്‍ഡിആര്‍എഫ് സംഘം കൂടി സ്ഥലത്തെത്തിയതോടെ അല്‍പസമയത്തിനുള്ളില്‍ തന്നെ ബാബുവിനെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
previous post