ഇരിട്ടി : ഇപ്പോൾ പുന്നാട് പ്രവർത്തിക്കുന്ന കീഴൂർ വില്ലേജ് ഓഫീസ് ഇരിട്ടിയിലേക്ക് മാറ്റുന്നു. ഇരിട്ടി ടൗണിൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം പണിയാൻ 44 ലക്ഷം രൂപ അനുവദിച്ചു. പഴയ പോസ്‌റ്റാഫീസ് കെട്ടിടം നിലനിന്നിരുന്ന സ്ഥലത്തിന് എതിർവശത്തെ റവന്യൂ ഭൂമിയിലാണ് സമാർട്ട് വില്ലേജ് ഓഫീസ് സമുച്ചയം നിർമ്മിക്കുക. നാൽപ്പത് ലക്ഷം രൂപ കെട്ടിടം നിർമ്മിക്കാനും നാല് ലക്ഷം ഫർണിച്ചർ, ഇതര സൗകര്യങ്ങൾ ഒരുക്കാനുമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമാണ ചുമതല. സ്ഥലം കഴിഞ്ഞ ദിവസം അളന്ന് തിരിച്ച് പ്രാഥമിക പ്രവർത്തനം ആരംഭിച്ചു.
വില്ലേജാഫീസുകൾ സ്‌മാർട്ടാക്കുന്നതിന്റെ ഭാഗമായാണ് ഇരിട്ടി താലൂക്ക് കേന്ദ്രത്തിൽ ടൗണിൽ തന്നെ സ്‌മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ രൂപരേഖയിൽ ഫ്രന്റ് ഓഫീസ് അടക്കമുള്ള സൗകര്യങ്ങളുണ്ട്. തലശ്ശേരി –- വളവുപാറ പാതയോരത്ത് പഴയ നിർമ്മല ഹോസ്പിറ്റലിനും കല്പക ടൂറിസ്റ്റു ഹോമിനും ഇടയിൽ പഴശ്ശി പദ്ധതി പ്രദേശത്തോട് ചേർന്ന സ്ഥലത്താണ് പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് പണിയുന്നത്.പാർക്കിങ് സൗകര്യമടക്കമുള്ളതായിരിക്കും ഓഫീസ് സമുച്ചയം.