മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം ചട്ടം മറികടന്ന് സർക്കാർ വേണ്ടപ്പെട്ടവർക്കു നൽകിയെന്ന പരാതിയിൽ ബന്ധപ്പെട്ട രേഖകൾ തിങ്കളാഴ്ച ലോകായുക്തയിൽ ഹജരാക്കാൻ സർക്കാരിന് നിർദേശം. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണു ലോകായുക്ത നിർദേശം നല്കിയത്.
എൻസിപി നേതാവ് ഉഴവൂർ വിജയന്റെയും ചെങ്ങന്നൂർ മുൻ എംഎൽഎ എ.രാമചന്ദ്രന്റെയും കുടുംബത്തിനും, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകന്പടി പോകുന്നതിനിടെ അപകടത്തിൽ മരണപ്പെട്ട പ്രവീണിന്റെ കുടുംബത്തിനും നൽകിയ തുകകൾ ഔട്ട് ഓഫ് അജണ്ട പ്രകാരമായിരുന്നു എന്നു പരാതിക്കാരനുവേണ്ടി അഡ്വ. ജോർജ് പൂന്തോട്ടം വാദിച്ചു.
എന്നാൽ, മന്ത്രിസഭാ തീരുമാനപ്രകാരമാണു പണം അനുവദിച്ചത് എന്നാണു സർക്കാർ വാദം. സർക്കാർ ധനസഹായ പദ്ധതി നിയമ പ്രകാരം മൂന്നു ലക്ഷം രൂപയ്ക്കു മുകളിൽ അനുവദിക്കുവാൻ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്കു കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു.
ദുരിതാശ്വാസ നിധിയിൽനിന്നു പണം അനുവദിക്കുന്പോൾ മാനദണ്ഡങ്ങൾ പാലിക്കേണ്ടതല്ലേയെന്നും ഒരു കുടുംബത്തിനു പണം നൽകുന്പോൾ അവരുടെ സാന്പത്തിക ചുറ്റുപാട് പരിഗണിക്കണ്ടേയെന്നും ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു. മന്ത്രിസഭാ തീരുമാനം ഇല്ലെങ്കിലും മുഖ്യമന്ത്രിയുടെ അധികാരം ഉപയോഗിച്ച് പണം നൽകാം, പക്ഷേ അത് അർഹതപ്പെട്ടവർക്കല്ലേ വേണ്ടതെന്നു ജസ്റ്റീസ് പറഞ്ഞു.
ദുരിതാശ്വാസനിധിയിൽനിന്നും അനർഹമായി പണം അനുവദിച്ചെന്നു കാട്ടി കേരള സർവകലാശാല മുൻഉദ്യോഗസ്ഥനായ ആർ.എസ്.ശിവകുമാറാ ണ് ഹർജി നല്കിയത്.