കണ്ണൂർ: രാത്രി വൈകുവോളം ഫുട്ബോൾ ആവേശം നുരഞ്ഞുപൊങ്ങുന്ന ടർഫുകളുടെ (കൃത്രിമ പുൽ മൈതാനം) പ്രവർത്തനങ്ങൾക്ക് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. ടർഫ് ഫുട്ബോൾ കളിയുടെ പേരുപറഞ്ഞ് യുവാക്കളും കുട്ടികളും അസമയങ്ങളിൽ കറങ്ങിനടന്ന് സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് നിയന്ത്രണം. കളിയുടെ പേരുപറഞ്ഞ് എത്തുന്നവർ വിവിധ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതായും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിയന്ത്രണം കർശനമാക്കിയതെന്ന് പോലീസ് പറഞ്ഞു. ഇതുപ്രകാരം ഇന്നുമുതൽ രാത്രി 11നുശേഷം ടർഫുകൾ പ്രവർത്തിക്കാൻ അനുവദിക്കില്ല.
ടർഫ് നടത്തിപ്പുകാരുടെ യോഗം ഇന്നലെ ടൗൺ സ്റ്റേഷനിൽ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി വിളിച്ചുചേർത്തിരുന്നു. കണ്ണൂർ നഗരത്തിൽ മാത്രം ഏഴു ടർഫുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ നൂറോളം ടർഫുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ജില്ലയിലെ മുഴുവൻ ടർഫുകൾക്കും നിയന്ത്രണം ഏർപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കണ്ണൂർ എസിപി പി.പി. സദാനന്ദൻ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാത്രി 11നുശേഷം എല്ലാ ടർഫുകളിലും പോലീസ് പരിശോധനയ്ക്കെത്തും. നിർദേശം ലംഘിച്ചാൽ ടർഫ് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഉടമകളെ പോലീസ് അറിയിച്ചിട്ടുണ്ട്.
നഗര-ഗ്രാമ പ്രദേശങ്ങളിൽ ടർഫ് ട്രെൻഡ്
കാൽപന്തുകളുടെ ആവേശം സിരകളിൽ ജ്വലിച്ചുകയറുന്ന പുൽമൈതാനങ്ങളാണ് ടർഫ് എന്നപേരിൽ അറിയപ്പെടുന്നത്. ഫ്ളഡ് ലൈറ്റിന്റെ പ്രഭയിൽ രാത്രി വൈകുവോളം കുട്ടികളും യുവാക്കളും ടർഫിൽ ഫുട്ബോൾ കളിക്കാൻ എത്തുന്നുണ്ട്. നല്ല വരുമാന മാർഗമായതിനാൽ നഗര-ഗ്രാമ പ്രദേശങ്ങളിൽ കൂണുപോലെ ടർഫ് മൈതാനങ്ങൾ മുളച്ചുപൊങ്ങുകയാണ്.
ദിവസം ആറു മണിക്കൂർ കളി നടന്നാൽ രണ്ടു ലക്ഷത്തിലധികം രൂപ പ്രതിമാസ വരുമാനം ലഭിക്കും എന്നതിനാൽ സംരംഭകർ ടർഫിന് നല്ല പ്രാധാന്യമാണ് നൽകുന്നത്. 750 രൂപ മുതൽ 1500 രൂപ വരെയാണ് ഒരു മണിക്കൂർ കളിക്കാൻ ഒരു ടീം നൽകേണ്ട ഗ്രൗണ്ട് ഫീസ്. ഇത് ഓരോ ടീമംഗങ്ങളും പങ്കുവയ്ക്കുകയാണ് ചെയ്യുന്നത്. കളി കന്പക്കാരായ വയോധികർവരെ രാത്രികാലങ്ങളിൽ ടർഫിൽ കളിക്കാനെത്തുന്നുണ്ട്. ന്യൂജെൻ സംരംഭകരും മുൻ പ്രവാസികളുമാണ് ടർഫ് നടത്തുന്നതിൽ പ്രധാനികൾ.