മിൽമയ്ക്കു പാൽ മിച്ചമായതോടെ ദിവസം 30,000 മുതൽ 40,000 ലിറ്റർ പാൽ പാൽപൊടിയാക്കുന്നു. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെത്തിച്ചാണു മിച്ചമുള്ള പാൽ പാൽപ്പൊടിയാക്കുന്നത്.
ഇതുവഴി ദിവസേന ആറു ലക്ഷം രൂപയാണു മിൽമയ്ക്ക് നഷ്ടം വരുന്നത്. ഒരു ലിറ്റർ പാൽ ഇതര സംസ്ഥാനങ്ങളിലെത്തിച്ച് പാൽപ്പൊടിയാക്കാൻ 15 രൂപ മിൽമ ചെലവാക്കേണ്ടിവരുന്നു. ദിവസേന 1567000 ലിറ്റർ പാൽ സംഭരിക്കുന്നു.
ഇതിൽ 1475000 ലിറ്റർ പാൽ വാരാന്ത്യ ലോക്ഡൗണ്‍ ആരംഭിക്കുന്നതിനു മുന്‍പേ ദിവസേന വിറ്റുപോയിരുന്നു. വാരാന്ത്യ ലോക്സൗണ്‍ വന്നതോടെ ശനി, ഞായർ ദിവസങ്ങളിൽ പാൽ വില്പന ഇടിഞ്ഞു. ഇതോടെയാണു മിച്ചമുള്ള പാൽ മറ്റു സംസ്ഥാനങ്ങളിലെത്തിച്ച് പാൽപ്പൊടിയാക്കാൻ തുടങ്ങിയത്.
മലബാർ മേഖലാ യൂണിയനിൽ ദിവസേന ഒന്നേ മുക്കാൽ മുതൽ രണ്ടു ലക്ഷം ലിറ്റർ പാൽ അധികമാണ്. മലബാർ മേഖലാ യൂണിയൻ ദിവസേന ഏഴര ലക്ഷം പാൽ സംഭരിക്കുന്നു. ഇതിൽ അഞ്ചര ലക്ഷം ലിറ്റർ മാത്രമാണു വില്പന നടക്കുന്നത്.
80,000 ലിറ്റർ പാൽ ഉത്പന്ന നിർമാണത്തിനു വേണം. മിച്ചമുള്ളതിൽ 85,000 ലിറ്റർ തിരുവനന്തപുരം മേഖലയ്ക്കു കൈമാറുന്നു. ബാക്കി പാൽ മറ്റു സംസ്ഥാനങ്ങളിലെത്തിച്ച് പൊടിയാക്കുകയാണ്.
എറണാകുളം മേഖലാ യൂണിയനു പാൽ മിച്ചമില്ല. സംഭരിക്കുന്ന പാൽ വിറ്റു തീർക്കുകയും ബാക്കി ഉത്പന്ന നിർമാണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. അതേസമയം, വേനൽ കടുക്കുന്നതോടെ ഈ മാസം മുതൽ സംസ്ഥാനത്തെ പാൽ ഉത്പാദനം കുറയുമെന്നാണു വിലയിരുത്തൽ. പച്ചപ്പുല്ല് കുറയുന്നതാണു പാൽ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കാനിടയാക്കുന്നത്.