കൊന്നും കൊലവിളിച്ചും അക്രമാസക്തമാവുകയാണ് ആറളം ഫാമിൽ കാട്ടാനക്കൂട്ടം. വർഷം കഴിയുന്തോറും ആറളം വന്യജീവി സങ്കേതത്തിൽനിന്ന് കൂടുതൽ കാട്ടാനകൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നു. ഫാം പിന്നിട്ട് ഇരുപത് കിലോമീറ്റർ ദൂരെ ഇരിട്ടിക്കടുത്ത അത്തിത്തട്ട്, പായംമുക്ക് മേഖല വരെയെത്തി തിരികെ ഫാമിലേക്ക് മടങ്ങുന്ന കാട്ടാനക്കാഴ്‌ചകളിൽ ചോരയിൽ പിടയുന്ന മനുഷ്യ ജീവിതങ്ങളും.
കാട്ടാനയാക്രമണത്തിൽ ഇതേവരെ ആറളം ഫാമിൽ കൊല്ലപ്പെട്ടത് പതിനൊന്ന് പേർ. ചെത്തുതൊഴിലാളി കൊളപ്പ പാണലാട്ടെ റിജേഷിനെ തിങ്കളാഴ്‌ച രാവിലെ ബ്ലോക്ക് ഒന്നിലാണ് കാട്ടാന ഓടിച്ച് ചവിട്ടിക്കൊന്നത്. 2014 ഏപ്രിൽ 20ന് ബ്ലോക്ക് പതിനൊന്നിലെ ആദിവാസി മാധവി ആനയുടെ കുത്തേറ്റ് മരിച്ചു. 15 മാർച്ച് 24ന് ബ്ലോക്ക് ഏഴിലെ ബാലനെ കുത്തിവീഴ്‌ത്തി. ഗുരുതര പരിക്കേറ്റ ബാലൻ ഏപ്രിൽ നാലിന് മരിച്ചു.
2017ലാണ് ഫാം മേഖലയിൽ ഏറ്റവുമധികം പേർ കാട്ടാനകളുടെ വിഹാരത്തിൽ മരിച്ചത്. അഞ്ചുപേർ. ജനുവരി പത്തിന് നരിക്കടവിലെ അഞ്ചാനിക്കൽ ബിജുവിനെ ആന ചവിട്ടിക്കൊന്നു. ഫെബ്രുവരി രണ്ടിന് അമ്പായത്തോട്ടിലെ ഗോപാലൻ പൊയ്യ, മാർച്ച് എട്ടിന് ആറളം ഫാം ബ്ലോക്ക് പത്തിലെ കോട്ടപ്പാറയിൽ നാരായണന്റെ ഭാര്യ അമ്മിണി, ഏപ്രിൽ അഞ്ചിന് ആറളം ഫാമിൽ കൈതച്ചക്ക കൃഷിക്കെത്തിയ റജി എന്നിവരും ആനയാക്രമണത്തിൽ മരിച്ചു. 18 ഒക്ടോബർ 29ന് ആദിവാസി വീട്ടമ്മ ദേവു, ഡിസംബർ എട്ടിന് ആദിവാസി കൃഷ്‌ണൻ ചപ്പിലി, 20 ഏപ്രിൽ 26ന് ഫാം തൊഴിലാളി ആറളം പന്നിമൂലയിലെ ബന്നപ്പാലൻ നാരായണൻ എന്നിവരും കാട്ടാനകളുടെ പിടിയിലമർന്ന് പിടഞ്ഞു മരിച്ചു.
ഒക്ടോബർ 31ന് ആറളം ഫാമിലെ ആദിവാസി യുവാവ് സതീഷ് (ബബീഷ്) വീട്ടിലേക്കുള്ള യാത്രക്കിടയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. കാട്ടുപന്നി കുത്തി ഒരാളും മലാൻ കുറുകെ ചാടി മറ്റൊരാളും ഇതേ കാലയളവിൽ ഫാം മേഖലയിൽ മരിച്ചു.
ജസ്‌റ്റിനെ കൊന്നത് കർണാടക വനത്തിൽ നിന്നെത്തിയ ആന
പുലർച്ചെ ഏഴിന് ഭാര്യയുമൊത്ത് പള്ളിയിലേക്ക് ബുള്ളറ്റിൽ പോകവെയാണ് പെരിങ്കരിയിലെ ജസ്‌റ്റിനും ഭാര്യയും കാട്ടാനക്ക് മുന്നിൽപ്പെട്ടത്.
ബൈക്ക് കുത്തിമറിച്ചിട്ട കാട്ടാന ജസ്‌റ്റിനെ കൊമ്പിൽ കോർത്തുകൊന്ന് നാടിനെ നടുക്കി. ഭാര്യക്ക് സാരമായി പരിക്കേറ്റ് ചികിത്സയിൽ. ആറളം ഫാമിലെ കാട്ടാനകളല്ല ഇവിടെ വില്ലനായത്. കുടക് മാക്കൂട്ടം വനത്തിൽനിന്നെത്തിയതായിരുന്നു കൊലയാളി ആന.