പലതവണ ആവശ്യപ്പെട്ടിട്ടും ഫാമിലെത്തുന്ന ആനക്കൂട്ടത്തെ തുരത്താൻ വനംവകുപ്പധികൃതർ ഇടപെടാറില്ലെന്ന് നാട്ടുകാർ. ക്ഷുഭിതരായ നാട്ടുകാർ മണിക്കൂറുകളോളം മൃതദേഹം മാറ്റാൻ അനുവദിച്ചില്ല. റിജേഷിന്റെ ബന്ധുക്കളുടെ അഭ്യർഥന മാനിച്ച് പകൽ പതിനൊന്നോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഷാകുലരായ ജനക്കൂട്ടം റിജേഷ് കൊല്ലപ്പെട്ട സ്ഥലത്തെത്തിയ ഡിഎഫ്‌ഒ പി കാർത്തിക്കിനെയും സംഘത്തെയും തടഞ്ഞു. ചെത്തുതൊഴിലാളികളും ചേർന്നതോടെ ഫാമിൽ പ്രതിഷേധമിരട്ടിച്ചു.
വളയംചാൽ–- പൊട്ടിച്ചപാറ വനാതിർത്തിയിൽ പത്തര കിലോമീറ്ററിൽ ആനമതിൽ നിർമിക്കാൻ നാലുവർഷംമുമ്പ് 22 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടും വനംവകുപ്പ് പ്രവൃത്തി തുടങ്ങാത്തതിനെതിരെ പലരും പൊട്ടിത്തെറിച്ചു. മതിൽ നിർമിക്കാൻ ഹൈക്കോടതി ഉത്തരവിട്ടപ്പോൾ റിവ്യു ഹർജി നൽകി പദ്ധതി തടയാൻ വനംവകുപ്പിലെ ഉന്നതർ ശ്രമിക്കുന്നുവെന്ന് ക്ഷുഭിതരായവർ പറഞ്ഞു. ആനമതിലിന് ബദലായി സോളാർ വേലി മതിയെന്ന സത്യവാങ്‌മൂലം പിൻവലിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
എംഎൽഎമാരായ കെ കെ ശൈലജ, സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, എഡിഎം കെ കെ ദിവാകരൻ എന്നിവർ ഇടപെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു. ആനമതിൽ ആവശ്യം ബന്ധപ്പെട്ടവരെ അറിയിക്കാമെന്ന് എംഎൽഎമാർ ഉറപ്പുനൽകി. നേതാക്കളയ ടി കൃഷ്ണൻ, കെ ഭാസ്‌കരൻ, സക്കീർ ഹുസൈൻ, പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജേഷ്, സുമാ ദിനേശൻ എന്നിവർ സ്ഥലത്തെത്തി. ഡിവൈഎസ്‌പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവുമെത്തി.
previous post