24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രണ്ടാം വര്‍ഷം പുതിയ പ്രതീക്ഷയുമായി പ്രതിരോധം: മന്ത്രി വീണാ ജോര്‍ജ്
Kerala

രണ്ടാം വര്‍ഷം പുതിയ പ്രതീക്ഷയുമായി പ്രതിരോധം: മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വര്‍ഷമാകുമ്പോള്‍ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ നമ്മള്‍ മൂന്നാം തരംഗത്തിലാണ്. കോവിഡിന്റെ ജനിതക വകഭേദമായ ഒമിക്രോണ്‍ കാരണം സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കേരളം ഒറ്റക്കെട്ടായി ഈയൊരു തരംഗത്തേയും അതിജീവിക്കും. അതിനായി നമ്മുടെ ജാഗ്രതയും കരുതലും തുടരണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മുന്‍ ആഴ്‌ച‌കളെ അപേക്ഷിച്ച് കോവിഡ് വ്യാപനതോത് കുറഞ്ഞ് വരുന്നത് ആശ്വാസമാണ്. സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്‌ച 45 ശതമാനം വര്‍ധനവും, രണ്ടാം ആഴ്‌ച 148 ശതമാനം വര്‍ധനവും, മൂന്നാം ആഴ്‌ച 215 ശതമാനം വര്‍ധനവുമാണുണ്ടായത്. എന്നാല്‍ ഇന്നലെവരെയുള്ള ആഴ്‌ച 71 ശതമാനം കേസുകള്‍ കുറഞ്ഞിട്ടുണ്ട്. ഇന്നത് കണക്കാക്കുമ്പോള്‍ വീണ്ടും കുറഞ്ഞ് 57 ശതമാനമായിട്ടുണ്ട്. ഇങ്ങനെയൊരു കുറവ് തുടര്‍ന്നാല്‍ ഏറെ പ്രതീക്ഷയുണ്ട്.ഒന്നാം തരംഗത്തത്തിലും രണ്ടാം തരംഗത്തിലും അവലംബിച്ച സ്‌ട്രാറ്റജിയല്ല മൂന്നാം തരംഗത്തില്‍ അവലംബിക്കുന്നത്. ഒന്നാം തരംഗത്തില്‍ കോവിഡ് വാക്‌സിനേഷന്‍ ഇല്ലായിരുന്നു. രണ്ടാം തരംഗത്തില്‍ വാക്‌സിനേഷന്‍ വളരെ കുറവായിരുന്നു. എന്നാല്‍ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പ്രത്യേക യജ്ഞം സംഘടിപ്പിച്ചു. ഇപ്പോള്‍ സംസ്ഥാനത്ത് പ്രായപൂര്‍ത്തിയായവരുടെ ആദ്യഡോസ് വാക്‌സിനേഷന്‍ 100 ശതമാനമാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്‍ 84 ശതമാനമാണ്. കുട്ടികളുടെ വാക്‌സിനേഷന്‍ 70 ശതമാനമാണ്. കരുതല്‍ ഡോസ് വാക്‌സിനേഷനും നല്ല രീതിയില്‍ പുരോഗമിക്കുന്നു. ഈ സാഹചര്യത്തില്‍ ബഹുഭൂരിപക്ഷവും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അടച്ച് പൂട്ടലിന് പ്രസക്തിയില്ല.
കോവിഡ് മൂന്നാം തരംഗം നേരിടാന്‍ സംസ്ഥാനം സുസജ്ജമാണ്. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്‌സിജന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്‌തു. സംസ്ഥാനത്ത് ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ട്. നിരന്തരം യോഗങ്ങള്‍ വിളിച്ച് കൂട്ടി കോവിഡ് പ്രതിരോധം ശക്തമാക്കി.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറല്‍ ആശുപത്രികളിലുള്ള ഐസിയു. ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി വരുന്നു. ആശുപത്രികളില്‍ കിടക്കകളും, ഓക്‌സിജന്‍ കിടക്കകളും, ഐസിയുകളും, വെന്റിലേറ്റര്‍ സൗകര്യങ്ങളും പരമാവധി ഉയര്‍ത്തി. ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍ ശക്തിപ്പെടുത്തി. ആശുപത്രികള്‍ക്കാവശ്യമായ മരുന്നുകളുടേയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടേയും കരുതല്‍ ശേഖരം ഉറപ്പ് വരുത്തിയിട്ടുണ്ട്. പീഡിയാട്രിക് സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.

ഒമിക്രോണ്‍ മൂന്നാം തരംഗ തീവ്രതയില്‍ 3 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രി വാസം വേണ്ടി വരുന്നത്. സംസ്ഥാനത്തും ഈ കണക്ക് ഏതാണ്ട് അങ്ങനെയാണ്. അതിനാല്‍ ആശുപത്രികളിലും ഐസിയുകളിലും രോഗികളുടെ വലിയ വര്‍ധനവില്ല. ഇപ്പോള്‍ ഗൃഹപരിചരണമാണ് പ്രധാനം. ഗൃഹ പരിചരണത്തില്‍ അപായ സൂചനകള്‍ എല്ലാവരും തിരിച്ചറിഞ്ഞ് കൃത്യ സമയത്ത് ചികിത്സ തേടണം. എത്രയും വേഗം തന്നെ കോവിഡിനെ അതിജീവിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

Related posts

തലശ്ശേരിയിൽ ടൂറിസം ശുചീകരണത്തിന് കൈകോർത്ത് വിദ്യാർഥികൾ

Aswathi Kottiyoor

കിഫ്ബി പദ്ധതികൾ ബജറ്റിൽ പരിഗണിക്കില്ല: ധനമന്ത്രി കെ എൻ ബാലഗോപാൽ

Aswathi Kottiyoor

ലഹരിയുടെ പക്ഷികൾ🚬🚬 കവർന്നെടുത്ത മലയോരമേഖല 💊 അന്വേഷണപരമ്പര നാലാം ഭാഗം -*

Aswathi Kottiyoor
WordPress Image Lightbox