സ്റ്റുഡന്റ് പോലീസിന് മതവേഷം അനുവദിക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ. ഹിജാബും ഫുൾസ്ലീവും ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സേനയിലെ ഒരു പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
ജെൻഡർ ന്യൂട്രൽ യൂണിഫോമാണ് സ്റ്റുഡന്റ് പോലീസ് സേനയിലേത്. കുട്ടികളിൽ ദേശീയ ബോധവും അച്ചടക്കവും വളർത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു രീതി നടപ്പാക്കിയത്. അതിനാൽ മതചിഹ്നങ്ങൾ അനുവദിക്കാൻ കഴിയില്ല.
കേരള പോലീസിന്റെ സഹകരണത്തോടെയാണ് സർക്കാർ സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് പദ്ധതി ആവിഷ്കരിച്ചത്. വർഷങ്ങളായി വിവിധ മതവിഭാഗങ്ങളിലെ കുട്ടികൾ ഒരേവേഷം ധരിച്ചാണ് സേനയിൽ പങ്കാളികളായത്. മുൻപ് ഇത്തരമൊരു ആവശ്യം ആരും ഉന്നയിച്ചിട്ടില്ല. അതിനാൽ പരാതിക്കാരിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ വ്യക്തമാക്കി.
പരാതിക്കാരിയുടെ ഹർജി പരിഗണിച്ച് ഹൈക്കോടതി സർക്കാരിനോട് പെണ്‍കുട്ടിയുടെയും മാതാപിതാക്കളുടെയും വാദം കേൾക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് ആഭ്യന്തര സെക്രട്ടറി ഇവരെ കണ്ട് അഭിപ്രായം കേട്ട ശേഷമാണ് ഹിജാബും ഫുൾ സ്ലീവും അനുവദിക്കാൻ കഴിയില്ലെന്ന ഉത്തരവിറക്കിയത്.