കിന്‍ഫ്ര വ്യവസായ പാര്‍ക്കിനായി സ്ഥലമേറ്റെടുക്കുന്നതിനുള്ള പ്രാഥമിക സര്‍വേ കീഴല്ലൂര്‍ പഞ്ചായത്തിലെ പനയത്താംപറമ്പില്‍ ആരംഭിച്ചു. കീഴല്ലൂര്‍, അഞ്ചരക്കണ്ടി, പടുവിലായി വില്ലേജുകളിലായി 500 ഏക്കര്‍ ഭൂമിയാണ് ആദ്യഘട്ടമായി ഏറ്റെടുക്കുന്നത്. കിന്‍ഫ്ര ഉപദേശകൻ വി.എന്‍. സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് സര്‍വേ നടത്തുന്നത്.
പ്രാരംഭ പ്രവര്‍ത്തനമെന്ന നിലയില്‍ ഭൂമിയുടെ അതിര് അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഒരുമാസം കൊണ്ട് പ്രാഥമിക സര്‍വേ പൂര്‍ത്തിയാക്കി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് ഏറ്റെടുക്കുന്ന സ്ഥലം അളന്നുതിട്ടപ്പെടുത്തും. മാര്‍ച്ചോടെ ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം അവസാനത്തോടെ ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിമാനത്താവളത്തിന്റെ സമീപ പ്രദേശങ്ങളില്‍ വ്യവസായ വികസനത്തിനായി 5000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ പദ്ധതിയുണ്ട്. സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ പാക്കേജ് നല്‍കും. വ്യവസായ സംരംഭങ്ങള്‍ വരുന്നതോടെ നിരവധി തൊഴിലവസരങ്ങളും തുറക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇ.പി. ജയരാജന് വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് പദ്ധതിക്ക് സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കിയത്.
വ്യവസായ പാര്‍ക്കിനായി കീഴല്ലൂര്‍ പഞ്ചായത്തിലെ വെള്ളിയാംപറമ്പില്‍ ഏറ്റെടുത്ത 140 ഏക്കര്‍ സ്ഥലത്ത് അടിസ്ഥാനസൗകര്യം ഒരുക്കിവരുകയാണ്. വൈദ്യുതി സബ് സ്റ്റേഷന്, അഡ്മിനിസ്ട്രേഷന് ബ്ലോക്ക് തുടങ്ങിയവയാണ് നിര്‍മിക്കുന്നത്.