കേളകം: പണിതിട്ടും പണിതിട്ടും പണിതീരാതെ ആറളം ഫാം-ഓടംതോട് പാലം. നിർമാണം തുടങ്ങി മൂന്നുവർഷം പിന്നിടുമ്പോഴും പാലം എന്ന് ഗതാഗതയോഗ്യമാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം ബാക്കി. തുടക്കത്തിലുണ്ടായിരുന്ന ആവേശം ഇന്ന് കരാറുകാർക്കില്ലെന്ന് നാട്ടുകാർ പറയുന്നു. ഫാം പുനരധിവാസ മേഖലയില്‍ നബാര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന 42.68 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 5.5 കോടി രൂപ ചെലവില്‍ ഓടംതോടില്‍ കോണ്‍ക്രീറ്റ് പാലം പണിയുന്നത്. കിറ്റ്കോക്കാണ് ചുമതല. 2019 ഫെബ്രുവരി അവസാനമാണ് പണി തുടങ്ങിയത്. പതിറ്റാണ്ടുകളോളം തൂക്കുപാലവും പിന്നീട് നാട്ടുകാര്‍ പണിത ചപ്പാത്തും വഴിയായിരുന്നു ഇവിടെ ജനം മറുകര താണ്ടിയിരുന്നത്.
ഈ ദുരിതങ്ങള്‍ക്ക് അറുതിയാവുന്നതിനാണ് ഓടംതോടിൽ പാലം അനുവദിച്ചത്. എന്നാൽ, നിർമാണം പൂർത്തിയാവാത്തത് പ്രദേശവാസികൾക്കൊപ്പം വിനോദസഞ്ചാരികൾക്കും ദുരിതമായി.
ആദിവാസി പുനരധിവാസ മേഖലയുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഫാമിനെയും കണിച്ചാര്‍ പഞ്ചായത്തിനെയും കുറഞ്ഞ ദൂരത്തില്‍ കോര്‍ത്തിണക്കുന്ന ഈ പാലം അനുവദിച്ചത്. 128 മീറ്റര്‍ നീളമുള്ള പാലം 32 മീറ്ററിൽ നാല് സ്പാനുകളായാണ് നിർമിക്കുന്നത്.
11.05 മീറ്ററാണ് വീതി. വാഹനഗതാഗതത്തിനുപുറമെ ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാത നിർമിക്കും. പാലത്തിന്റെ പ്രധാന നിർമാണ ജോലികൾ പൂർത്തിയായെങ്കിലും സമീപറോഡുകൾ ഇനിയും നിർമിച്ച് അന്തിമഘട്ട ജോലികൾ ആരംഭിച്ചിട്ടില്ല. അടുത്ത കാലവർഷത്തിനു മുമ്പെങ്കിലും പാലം നിർമാണം പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.