റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു രാഷ്ട്രമെന്ന നിലയിലുള്ള ഒത്തൊരുമയാണ് എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നതെന്നും ഈ അവസരത്തില്‍ സ്വാതന്ത്ര സമരസേനാനികളെ ഓര്‍ക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.
ഏറ്റവും കഠിനമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ലോകമെമ്പാടും കോവിഡ് ഭീതിവിതച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒറ്റക്കെട്ടായി അതിനെ നേരിടണമെന്നും രാഷ്ട്രപതി പറഞ്ഞു.
കോവിഡ് മഹാമാരി ഈ വര്‍ഷത്തെ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങള്‍ നിശബ്ദമാക്കിയേക്കാം. എന്നാല്‍ ആത്മാവ് എന്നത്തേയും പോലെ ശക്തമാണ്. ഇപ്പോള്‍ നേരിടുന്നത് പോലെ ഒരു പ്രതിസന്ധി കാലഘട്ടം ലോകത്തിന് മുമ്പ് നേരിടേണ്ടി വന്നിട്ടില്ല.
രണ്ട് വര്‍ഷത്തിലേറെയായി മനുഷ്യരാശി കൊറോണ വൈറസുമായി പോരാടുകയാണ്. ലക്ഷക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും അതിന്റെ ആഘാതത്തില്‍ ലോക സമ്പദ്വ്യവസ്ഥ ആടിയുലയുകയും ചെയ്തു. കോവിഡിന്റെ പുതിയ വകഭേദങ്ങളുടെ വ്യാപനം പുതിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.
ഹിമാലയത്തിലെ അസഹ്യമായ തണുപ്പിലും മരുഭൂമിയിലെ അസഹനീയമായ ചൂടിലും കുടുംബത്തില്‍ നിന്ന് അകന്ന് രാജ്യത്തെ സൈനികർ മാതൃരാജ്യത്തിന് കാവല്‍ തുടരുന്നു. അതിര്‍ത്തികള്‍ സുരക്ഷിതമാക്കുന്ന സായുധ സേനയുടെയും ആഭ്യന്തര സുരക്ഷ കാത്തുസൂക്ഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും നിരന്തരമായ ജാഗ്രത മൂലമാണ് നമ്മുടെ പൗരന്മാര് സമാധാന ജീവിതം ആസ്വദിക്കുന്നത്.
ധീരനായ ഒരു സൈനികന് ഡ്യൂട്ടിക്കിടെ വീരമൃത്യുവരിക്കുമ്പോള്‍ രാജ്യം മുഴുവന്‍ ദുഃഖത്തിലാകുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.