കണ്ണൂർ: കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉത്പാദനക്കുറവും വർഷങ്ങളായി ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കാത്തതും കശുവണ്ടി കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ഇൻഫാം കണ്ണൂർ ജില്ലാ ജനറൽ ബോഡിയോഗം ചൂണ്ടിക്കാട്ടി. മഴ ആരംഭിച്ചാൽ വ്യാപാരികൾ 50 ശതമാനം വരെ വില കുറയ്ക്കുകയാണ്. എന്നാൽ ഫാക്ടറികളിൽ വില കുറയുന്നില്ല. കശുവണ്ടി കർഷകരെ സംരക്ഷിക്കാൻ യാതൊരു സംവിധാനങ്ങളുമില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
കശുമാവ് കൃഷി പ്രോത്സാഹനവുമായി 2014ൽ കാഷ്യൂ ബോർഡ് നിലവിൽ വരികയും കർഷകർക്ക് അത് സഹായകമാകുകയും ചെയ്തിരുന്നു. എന്നാൽ ഈ ബോർഡ് നിർത്തലാക്കിയിരിക്കുകയാണ്. കശുമാവ് കർഷകർക്കുവേണ്ടി നിയമസഭയിൽ നടന്ന പോരാട്ടങ്ങൾപോലും ഓർമയാകുകയാണ്. ഇന്നത്തെ സാഹചര്യത്തിൽ കശുവണ്ടിക്ക് 250 രൂപ തറവില നിശ്ചയിച്ച് സംഭരിക്കുകയോ റബർ മാതൃകയിൽ ഇൻസെന്റീവ് നൽകുകയോ ചെയ്യുക, കശുമാവ് കർഷകരെ ഉൾപ്പെടുത്തി പ്രോഡ്യൂസേഴ്സ് കമ്പനികൾ രൂപീകരിക്കാൻ സർക്കാർ മുൻകൈയെടുക്കുക, കാഷ്യൂ ബോർഡ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം ഇൻഫാം അതിരൂപത ഡയറക്ടർ ഫാ.തോമസ് ചെരുവിൽ ഉദ്ഘാടനം ചെയ്തു. മലയോരമേഖലയിലെ ഉയർന്ന നിലവാരമുള്ള കശുവണ്ടി പരിപ്പിന് ലഭിക്കുന്ന വിലയുടെ ആനുപാതികമായി കശുവണ്ടിക്ക് വില ലഭിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വലിയ ചൂഷണമാണ് കർഷകർ നേരിടുന്നത്. കശുവണ്ടിയുടെ പ്രധാന ഉത്പാദന മേഖലകളായ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കശുവണ്ടി സംസ്കരണ ഫാക്ടറി സ്ഥാപിക്കണമെന്ന് നിരവധി വർഷങ്ങളായി മുറവിളി ഉയർത്തിയിട്ടും മാറിമാറി വന്ന സർക്കാരുകൾ ഇതുവരെ തയാറായിട്ടില്ല. കശുവണ്ടി സംഭരണമില്ലാത്തതുകൊണ്ട് കർഷകർക്ക് ന്യായവില ലഭിക്കുന്നില്ലെന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് സ്കറിയ നെല്ലംകുഴി അധ്യക്ഷത വഹിച്ചു. സണ്ണി തുണ്ടത്തിൽ, ഡോ.ജോസഫ് തോമസ്, ജോസ് തോണിക്കൽ, ലാലിച്ചൻ കുഴിയാത്ത് എന്നിവർ പ്രസംഗിച്ചു.