ലോകമെമ്പാടും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ഭൂമിയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഹാനികരമായ മാലിന്യങ്ങള്‍ കടന്നെത്താത്ത സ്ഥലങ്ങള്‍ പോലും നന്നേ കുറവ്. ഇപ്പോഴിതാ ഉത്തര, ദക്ഷിണ ധ്രുവങ്ങളില്‍ ആദ്യമായി നാനോ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. മനുഷ്യവാസം തീരെ കുറഞ്ഞ ഈ പ്രദേശങ്ങളില്‍ പോലും പ്ലാസ്റ്റിക്ക് മാലിന്യങ്ങളെത്തിയത് ഇതിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. നെതര്‍ലാന്‍ഡിലെ ഉട്രെക്റ്റ് സര്‍വകലാശാല കോപ്പന്‍ഹേഗ് സര്‍വകലാശാലയുമായി സംയുക്തമായി നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
നാനോപ്ലാസ്റ്റിക്ക് മലിനീകരണം പതിറ്റാണ്ടുകളായി നടക്കുന്നുവെന്നും ലോകമെമ്പാടുമുള്ള ജീവജാലങ്ങള്‍ ഇതിന് വിധേയമാകുന്നുവെന്നും പഠനം വ്യക്തമാക്കി. ഒരു മൈക്രോമീറ്ററില്‍ താഴെ നീളമുള്ളവയാണ് നാനോപ്ലാസ്റ്റിക്കുകളെന്ന് വിദ്ഗധര്‍ പറയുന്നു. മൈക്രോപ്ലാസ്റ്റിക്കുകളെക്കാള്‍ ഹാനികരമായ നാനോപ്ലാസ്റ്റിക്കുകള്‍ക്ക് അന്തരീക്ഷത്തിലൂടെ വളരെ ദൂരം സഞ്ചരിക്കാനുമുള്ള കഴിവുണ്ട്. ഇവ പരിസ്ഥിതിയിലെത്തിയാല്‍ വന്‍തോതില്‍ വിഘടിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഗവേഷണത്തിനിടയില്‍ ഗവേഷകര്‍ ഗ്രീന്‍ലന്‍ഡ്, അന്റാര്‍ട്ടിക്ക എന്നിവിടങ്ങളില്‍ നിന്ന് 14 മീറ്റര്‍ ആഴത്തിലുള്ള മഞ്ഞുപാളികള്‍ ശേഖരിച്ചിരുന്നു. ഇവയിലെല്ലാം ഗണ്യമായ തോതില്‍ നാനോപ്ലാസ്റ്റിക്കുകള്‍ കണ്ടെത്തി. നാനോപ്ലാസ്റ്റിക്ക് മലിനീകരണം പുതിയതായി ഉടലെടുത്ത പ്രശ്‌നമല്ലെന്ന് പറയുന്നു ഗവേഷകര്‍. ‘ഞങ്ങളുടെ വിവരശേഖരണത്തില്‍ ഇതൊരു പുതിയ പ്രശ്‌നമല്ലെന്ന് കണ്ടെത്തുകയുണ്ടായി. ഇവയുടെ മലിനീകരണ തോത് അളക്കാന്‍ പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചു കഴിഞ്ഞു. ഗ്രീന്‍ലാന്‍ഡില്‍ 1960 ന് ശേഷം നാനോപ്ലാസ്റ്റിക്ക് മലിനീകരണമുണ്ടായിട്ടുണ്ട്.’, പഠനത്തിന് നേതൃത്വം നല്‍കിയ ദുസാന്‍ മാറ്ററിക് വാര്‍ത്താകുറിപ്പിലൂടെ പ്രതികരിച്ചു.
വ്യത്യസ്ത തരത്തിലുള്ള നാനോപ്ലാസ്റ്റിക്കുകള്‍ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഏറിയ പങ്കും പോളീയീഥലെയ്‌നായിരുന്നു. കണ്ടെത്തിയവയില്‍ പകുതിയും ഇത്തരം ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രം കഴിയുന്ന പ്ലാസ്റ്റിക്ക് ശകലങ്ങളായിരുന്നു. ഗ്രീന്‍ലാന്‍ഡില്‍ വന്‍തോതില്‍ കണ്ടെത്തിയത് സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും മറ്റും നിര്‍മിക്കാനുപയോഗിക്കുന്ന പോളിയീസ്റ്ററാണ്. നാനോപ്ലാസ്റ്റിക്കുകള്‍ മൃഗങ്ങളെ ദോഷകരമായി ബാധിക്കുന്നത് പോലെ മനുഷ്യരില്‍ കോശ നാശത്തിനും കാരണമാകുന്നു.