നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. 27-ാം തീയതി വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.പ്രതികള്‍ എല്ലാ തരത്തിലും അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തടസമുണ്ടാക്കിയാല്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
അടുത്ത മൂന്ന് ദിവസങ്ങളില്‍ ദിലീപിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന് അനുമതി. ഞായര്‍, തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെ ദിലീപിനെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. ദിലീപിനൊപ്പം കേസിലെ മറ്റ് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനുശേഷം വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും. കേസില്‍ തെളിവുകള്‍ അപര്യാപ്തമാണെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. മുദ്രവച്ച കവറില്‍ ലഭിച്ച തെളിവുകളില്‍ വിശദമായ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി.
സഹകരണമില്ലെങ്കില്‍ ദിലീപിനെ കസ്റ്റഡിയിലെടുക്കേണ്ടി വരുമെന്നാണ് പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച മറ്റൊരു വാദം. ഗൂഢാലോചന കേസില്‍ ആവശ്യമെങ്കില്‍ ദിവസവും രാവിലെ അഞ്ചോ ആറോ മണിക്കൂറോ ചോദ്യം ചെയ്യലിന് ഹാജാരാകാന്‍ തയാറാണെന്ന നിര്‍ദേശമാണ് ദിലീപ് മുന്നോട്ടുവെച്ചത്. ജാമ്യത്തിനുള്ള ഉപാധിയായിട്ടാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. അന്വേഷണത്തിന് കസ്റ്റഡി എന്തിനെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമായിരുന്നു കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഗൂഢാലോചനയ്ക്ക് നേരിട്ടുള്ള തെളിവില്ലെന്നും ചില തെളിവുകള്‍ കോടതിക്ക് കൈമാറാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. വിചാരണക്കോടതിയെക്കുറിച്ചും പ്രോസിക്യൂഷന്‍ പരാതിപ്പെട്ടിരുന്നു.