നവകേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2022 മാർച്ച് 31 വരെ ദീർഘിപ്പിച്ചതായി സഹകരണ മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. നേരത്തെ ഡിസംബർ 31 വരെയായിരുന്നു കാലാവധി. കോവിഡ് വ്യാപനത്തെ തുടർന്ന് കുടിശിക അടച്ചു തീർക്കാൻ കഴിയാത്ത സാഹചര്യമുണ്ടായെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഒറ്റത്തവണ തീർപ്പാക്കൽ കാലാവധി നീട്ടി നൽകിയതെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 2021 ഓഗസ്റ്റ് 16നാണ് പദ്ധതി ആരംഭിച്ചത്. എന്നാൽ പിന്നീടുണ്ടായ കോവിഡ് പ്രതിസന്ധി കാരണം സെപ്റ്റംബർ 30 ന് അവസാനിക്കേണ്ടിയിരുന്ന പദ്ധതിയുടെ സമയം ദീർഘിപ്പിച്ചിരുന്നു. എന്നാൽ കോവിഡ് മഹാമാരി കാരണം പല സഹകാരികളും പ്രതിസന്ധിയിലായിരുന്നു. സഹകരണ സംഘങ്ങളുടെ കുടിശിക ഒഴിവാക്കാനും വായ്പാ തിരിച്ചടവ് പ്രോത്സാഹിപ്പിക്കാനും സഹകരണ സംഘങ്ങളെ കുടിശിക രഹിത സംഘങ്ങളാക്കി മാറ്റുന്നതിനും വേണ്ടിയായിരുന്നു പദ്ധതി ആവിഷ്‌കരിച്ചത്. സഹകരണ സംഘങ്ങളും പദ്ധതിയുടെ കാലാവധി ദീർഘിപ്പിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചു. ഇതു കൂടി പരിഗണിച്ചാണ് മാർച്ച് 31 വരെ പദ്ധതിയുടെ കാലാവധി നീട്ടാൻ തീരുമാനിച്ചത്. ഇന്നലെ (20.01.2022) ഇതു സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചതായും മന്ത്രി പറഞ്ഞു.
previous post