കോവിഡ് രോഗ സ്ഥിരീകരണ നിരക്ക് ഏറ്റവും ഉയർന്ന ശതമാനത്തിലെത്തിയെങ്കിലും ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല്ല. ആശുപത്രികൾ സർവസജ്ജമാണ്. ബുധനാഴ്ച 1814 പേർക്കുകൂടി കോവിഡ്- സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 33.2 ശതമാനം. കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി നിരക്ക് 30.7 ശതമാനം. ബുധനാഴ്ച 5464 പേരാണ് പരിശോധിച്ചത്. 319 പേരുടെ രോഗം ഭേദമായി. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,080. മുമ്പ് വ്യാപനമുണ്ടായ ഘട്ടത്തിൽ 20 ശതമാനത്തിൽ താഴെയായിരുന്നു രോഗ സ്ഥിരീകരണ നിരക്ക്.
രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിയെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. മുൻകരുതൽ നടപടികളുമായി ആരോഗ്യവകുപ്പ് സർവസജ്ജമാണ്. ആശുപത്രികളിൽ ആവശ്യത്തിന് മരുന്നും കിടക്കകളുമുണ്ട്. വെന്റിലേറ്ററിനോ ഓക്‌സിജനോ ക്ഷാമമില്ല. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കുറവാണ്.
സ്‌കൂളുകളിൽനിന്ന് വാക്‌സിനെടുത്തത് 1033 വിദ്യാർഥികൾ
കണ്ണൂർ
ജില്ലയിൽ ബുധനാഴ്‌ച അഞ്ച് സ്‌കൂളുകളിൽ നടത്തിയ ക്യാമ്പിൽ 1033 വിദ്യാർഥികൾ വാക്‌സിനെടുത്തു. 15നും 17നും ഇടയിൽ പ്രായമുള്ള വിദ്യാർഥികൾക്കാണ് സ്‌കൂളുകളിലെത്തി ആരോഗ്യപ്രവർത്തകർ വാക്‌സിൻ നൽകിയത്. ജിഎസ്‌എബിടിഎം എച്ച്‌എസ്‌എസ് തായിനേരി, വെള്ളൂർ ജിഎച്ച്‌എസ്‌എസ്, പാട്യം നവോദയ വിദ്യാലയം, തളിപ്പറമ്പ് ചിന്മയ വിദ്യാലയം, മട്ടന്നൂർ ഹയർസെക്കഡറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു വാക്‌സിനേഷൻ. 500 വിദ്യാർഥികളിലധികം വാക്‌സിനെടുക്കാനുള്ള സ്‌കൂളുകളിലാണ് ക്യാമ്പ് നടത്തുന്നത്. ജില്ലയിൽ ഇതിനകം വിദ്യാർഥികളിലെ വാക്‌സിനേഷൻ 78 ശതമാനമായി. വ്യാഴാഴ്‌ചയും സ്‌കൂളുകളിൽ ക്യാമ്പുണ്ടാകും.
അവലോകന യോഗം ഇന്ന്
കണ്ണൂർ
കോവിഡ് രോഗവ്യാപനവും ഒമിക്രോൺ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ സാഹചര്യം വിലയിരുത്തുന്നതിനും മുൻകരുതൽ നടപടികൾ ചർച്ച ചെയ്യുന്നതിനും മന്ത്രി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ വ്യാഴാഴ്‌ച പകൽ 12ന് ഓൺലൈനായി അവലോകന യോഗം ചേരും.
റിപ്പബ്ലിക് ദിനാഘോഷം പെരുമാറ്റച്ചട്ടം പാലിച്ച്
കണ്ണൂർ
റിപ്പബ്ലിക് ദിനാഘോഷം കോവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് നടത്താൻ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ചടങ്ങിൽ പ്രത്യേക ക്ഷണിതാക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെ 100 പേരെ പാടുള്ളൂ. മുതിർന്ന പൗരന്മാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിക്കില്ല. പങ്കെടുക്കുന്ന എല്ലാവർക്കും പാസ് നൽകും. പൊതുജനങ്ങൾക്ക് നേരിട്ട് പരിപാടി കാണാൻ സൗകര്യം ഉണ്ടാവില്ല. 21, 22, 24 തീയതികളിൽ റിഹേഴ്‌സൽ പരേഡ് നടത്തും. പൊലീസ്, എക്‌സൈസ്, വനം, ജയിൽ യൂണിറ്റുകളെ പരേഡിൽ പങ്കെടുപ്പിക്കും.
ബാങ്കുകളുടെ പ്രവർത്തന സമയം ചുരുക്കണം
കണ്ണൂർ
കോവിഡ് മൂന്നാം തരംഗം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ കൂടുതൽ സമ്പർക്ക സാധ്യതാ മേഖലയായ ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ പകൽ രണ്ടുവരെ ചുരുക്കണമെന്ന് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.