പിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തം നിശ്ചയിക്കുന്നതിൽ ജാതി, വിശ്വാസം, മതം എന്നിവയ്ക്കു പങ്കില്ലെന്നു ഹൈക്കോടതി. പ്രത്യേകമായി നിയമത്തിൽ വ്യവസ്ഥയില്ലെന്ന പേരിൽ രണ്ടു മതത്തിൽപ്പെട്ട ദമ്പതികളുടെ കുട്ടികൾക്കു പിതാവിൽ നിന്നുള്ള ജീവനാംശം അവകാശപ്പെടാനുള്ള നിയമപരമായ അവകാശം നിഷേധിക്കാനാവില്ലെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.മകൾക്കു ജീവനാംശം നൽകണമെന്ന നെടുമങ്ങാട് കുടുംബക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശിയായ പിതാവ് നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. വിദ്യാഭ്യാസ, വിവാഹ ചെലവുകൾ തുടങ്ങിയവ അടക്കം ജീവനാംശം ആവശ്യപ്പെട്ടു ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് നിയമപ്രകാരം മാതാപിതാക്കളെ എതിർകക്ഷികളാക്കി മകൾ കുടുംബക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നു മകൾക്ക് ജീവനാംശമായി 16.70 ലക്ഷം രൂപ നൽകാൻ ഉത്തരവായി. ഇതു ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്.
പിതാവ് ഹിന്ദുവും മാതാവ് മുസ്‌ലിമും ആണ്. 1990ലായിരുന്നു ദമ്പതികൾക്കു മകൾ ജനിച്ചത്. മൂന്ന് വയസ്സായപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. 1997ൽ മാതാവ് വിവാഹിതയായി. തുടർന്നു കുട്ടിയെ വളർത്തിയതു മാതാവിന്റെ മാതാപിതാക്കളായിരുന്നു.