തിരുവനന്തപുരം ∙ 15–18 പ്രായക്കാരായ വിദ്യാർഥികൾക്കായി 967 സ്കൂളുകളിൽ നാളെ മുതൽ കോവിഡ് പ്രതിരോധ കുത്തിവയ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഇന്നു സ്‌കൂളുകളിൽ പിടിഎ യോഗം ചേർന്നു തയാറെടുപ്പുകൾ നടത്തണം. വാക്സിനേഷൻ സൗകര്യം ഇല്ലാത്ത സ്‌കൂളുകളിലെ കുട്ടികൾക്കു തൊട്ടടുത്തുള്ള സ്കൂൾ കേന്ദ്രങ്ങളിലൂടെ നൽകും.
കൈറ്റിന്റെ ‘സമ്പൂർണ’ പോർട്ടൽ വഴി ഓരോ ദിവസവും വാക്സിനേഷൻ വിവരങ്ങൾ ശേഖരിക്കും. 8.14 ലക്ഷം കുട്ടികൾക്കാണ് ഇനി വാക്സീൻ നൽകാനുള്ളത്. 9–ാം ക്ലാസ് വരെയുള്ളവർക്ക് 21 മുതൽ സ്കൂളുകളിൽ ക്ലാസ് ഇല്ലെങ്കിലും അധ്യാപകർ സ്കൂളിലെത്തണം. 10,11,12 ക്ലാസുകൾക്കു സ്കൂളിലെ പഠനം തുടരും.