സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ വന്നേക്കും. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോവിഡ് അലോകന യോഗം വിളിച്ചു. യോഗത്തിൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടായേക്കുമെന്നാണ് വിവരം. അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.
നിലവിൽ ടിപിആർ 30 ൽ കൂടുതലുള്ള ജില്ലകളിൽ പൊതുപരിപാടികൾക്ക് അനുമതിയില്ല എന്നതു മാത്രമാണ് കാര്യമായ നിയന്ത്രണം. ആൾകൂട്ട നിയന്ത്രണത്തിന് കർശന നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല.
സെക്രട്ടറിയേറ്റ്, കെഎസ്ആർടിസി, പോലീസ് തുടങ്ങിയ ഇടങ്ങളിലെല്ലാം കോവിഡ് വ്യാപനം തീവ്രമാണ്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. കിടത്തി ചികിത്സ ആവശ്യമുള്ള കോവിഡ് രോഗികളുടെ എണ്ണത്തിലും വർധന ഉണ്ടാകുന്നുണ്ട്.