സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകള്‍ 22,000 കഴിഞ്ഞിരിക്കുന്നതിനാല്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കോവിഡ് രണ്ടാം തരംഗത്തെ അതിജീവിച്ച് സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഡിസംബര്‍ 26ന് 1824 വരെ കുറഞ്ഞതാണ്. എന്നാല്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ കഴിഞ്ഞതോടെ വളരെ പെട്ടെന്ന് കോവിഡ് കേസുകള്‍ വര്‍ധിച്ചുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ജനുവരി ഏഴിന് കോവിഡ് കേസുകള്‍ 5,000ന് മുകളിലായിരുന്നു. അത് കേവലം 10 ദിവസം കൊണ്ട് നാലിരട്ടിയിലധികമായി വര്‍ധിച്ചു. ഇനിയും കോവിഡ് കേസുകള്‍ കുത്തനെ ഉയരാതിരിക്കാന്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണം. ആരില്‍ നിന്നും കോവിഡ് പകരുന്ന അവസ്ഥയാണുള്ളത്. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ ശരിയായവിധം എന്‍ 95 മാസ്കോ, ഡബിള്‍ മാസ്കോ ധരിക്കേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു.
കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ ഏകദേശം 60,161 വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ 182 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളതെന്നും മന്ത്രി സൂചിപ്പിച്ചു.
നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍ 160 ശതമാനവും, ആശുപത്രികളിലെ രോഗികള്‍ 41 ശതമാനവും, ഫീല്‍ഡ് ആശുപത്രികളിലെ രോഗികള്‍ 90 ശതമാനവും, ഐസിയുവിലെ രോഗികള്‍ 21 ശതമാനവും, വെന്റിലേറ്ററിലെ രോഗികള്‍ ആറ് ശതമാനവുമാണെന്നും മന്ത്രി സൂചിപ്പിച്ചു.
പൊതു ചടങ്ങുകള്‍ മാര്‍ഗനിര്‍ദേശ പ്രകാരം മാത്രം നടത്തേണ്ടതാണ്. എല്ലായിടത്തും ആളുകളെ പരമാവധി കുറയ്ക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗലക്ഷണങ്ങളുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തണമെന്നും മന്ത്രി നിർദേശിച്ചു.
ഓഫീസുകളിലും സ്ഥാപനങ്ങളിലും എല്ലാവരും ശരിയായ വിധം മാസ്ക് ധരിക്കണം. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കൈ കഴുകുന്ന സ്ഥലങ്ങളിലും തിരക്ക് കൂട്ടരുത്. അടച്ചിട്ട സ്ഥലങ്ങള്‍ കോവിഡ് വ്യാപനത്തിന് കാരണമായതിനാല്‍ ജനാലുകളും വാതിലുകളും തുറന്നിടണം. കടകളിലും ഷോപ്പിംഗ് മാളുകളിലും പോകുന്നവര്‍ ഒരിക്കലും മാസ്ക് താഴ്ത്തരുത്. എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.