23.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • കെ. റെയിലിന് ചെലവ് കുത്തനേകൂടും; കണക്കുകളിലെ പൊരുത്തക്കേടില്‍ ആശങ്കയറിയിച്ച് റെയില്‍വെ.
Thiruvanandapuram

കെ. റെയിലിന് ചെലവ് കുത്തനേകൂടും; കണക്കുകളിലെ പൊരുത്തക്കേടില്‍ ആശങ്കയറിയിച്ച് റെയില്‍വെ.

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായി സംസ്ഥാന സര്‍ക്കാര്‍ അവതരിപ്പിച്ച സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമ്പത്തിക നിലനില്‍പില്‍ ആശങ്കയറിയിച്ച് റെയില്‍വെ. സില്‍വര്‍ലൈനിലെ യാത്രക്കാരുടെ എണ്ണത്തിലോ വരുമാനത്തിലോ വ്യക്തതയില്ല. റെയില്‍വേയില്‍ നിന്നും കുറച്ച് യാത്രക്കാര്‍ സില്‍വര്‍ലൈനിലേക്ക് മാറിയാലും പദ്ധതി പ്രായോഗികമാകില്ലെന്നും പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാനും റെയില്‍വെ ബോര്‍ഡ് കെ-റെയിലിനോട് നിര്‍ദ്ദേശിച്ചു. റെയില്‍വെ ബോര്‍ഡും കെ-റെയില്‍ ഉദ്യോഗസ്ഥരും നടത്തിയ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ റെയില്‍വെ വ്യക്തമാക്കിയത്.കെ-റെയിലിന്റെ പ്രായോഗികതയെ സംബന്ധിച്ച് പൊതുസമൂഹത്തില്‍ നിന്ന് നിരവധി ചോദ്യങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും അതിനെയൊക്കെ തള്ളുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എല്ലാ തരത്തിലും പദ്ധതി പ്രായോഗികമാണെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വാദം. എന്നാല്‍ ഇത് സംബന്ധിച്ച് റെയില്‍വെ ബോര്‍ഡുമായി കെ-റെയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തില്‍ പദ്ധതിയുടെ പ്രയോഗികത സംബന്ധിച്ചുള്ള പ്രധാനപ്പെട്ട ചോദ്യങ്ങളാണ് റെയില്‍വെ അധികൃതര്‍ ഉന്നയിച്ചിരിക്കുന്നത്.

പദ്ധതി ചെലവ് സംബന്ധിച്ചാണ് ഒരു സുപ്രധാനമായ ചോദ്യം റെയില്‍വെ ഉന്നയിച്ചിരിക്കുന്നത്. 63,000 കോടിയാണ് പദ്ധതിയുടെ ചെലവായി സംസ്ഥാന സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ചോദ്യം ചെയ്യുകയാണ് റെയില്‍വെ ബോര്‍ഡ്. 2020 മാര്‍ച്ച് മാസത്തെ നിരക്കിനെ അടിസ്ഥാനമാക്കിയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ ഈ കണക്ക് പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര റെയില്‍വെ ബോര്‍ഡ് കെ-റെയിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാല്‍ പദ്ധതി ചെലവ് സര്‍ക്കാര്‍ പറയുന്ന കണക്കില്‍ നിന്നും കുതിച്ചുയരാനാണ് സാധ്യത.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ 79,000 യാത്രക്കാര്‍ പ്രതിദിനം ഉണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അതിനെയും റെയില്‍വെ ബോര്‍ഡ് ചോദ്യം ചെയ്തു. യാത്രക്കാരുടെ എണ്ണവും ട്രെയിനുകളുടെ എണ്ണവും സംബന്ധിച്ച് ഒരു ശുഭാപ്തി വിശ്വാസം സംസ്ഥാന സര്‍ക്കാരിനും കെ-റെയിലിനും ഉണ്ടാകുന്നത് നല്ലതാണെങ്കിലും അത് യാഥാര്‍ഥ്യ ബോധത്തോടെ ആകണമെന്നാണ് റെയില്‍വെ ബോര്‍ഡ് പറയുന്നത്. അതിനാല്‍ യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് ഒരു പുന:പരിശോധന ആവശ്യമാണെന്നും റെയില്‍വെ അധികൃതര്‍ പറഞ്ഞു.

ശരിയായ നിരക്കും യാത്രക്കാരുടെ ശരിയായ എണ്ണവും നിശ്ചയിച്ചാല്‍ മാത്രമേ പദ്ധതി പ്രായോഗികമാകുകയുള്ളുവെന്നും അതിനാല്‍ തന്നെ 79000 യാത്രക്കാരെന്നുള്ള അവകാശവാദം കൂടുതല്‍ വിശദമാക്കണമെന്നും റെയില്‍വെ ബോര്‍ഡ് കെ-റെയിലിനോട് നിര്‍ദേശിച്ചു. ഹൈസ്പീഡിന് പകരം സെമി ഹൈസ്പീഡ് കൊണ്ടുവന്നതുകൊണ്ട് എന്ത് സാമ്പത്തിക ഗുണമാണ് ലഭിക്കുന്നതെന്ന് വിശദീകരിക്കാനും കേരളത്തോട് റെയില്‍വെ ആവശ്യപ്പെട്ടിരിക്കുകയാണ്.

Related posts

പേവിഷ ബാധ: 36 ശതമാനം മരണവും ഇന്ത്യയിൽ

Aswathi Kottiyoor

അക്ഷയതൃതീയ ദിനത്തിൽ സ്വർണവിലയിൽ വീണ്ടും വർധന: പവന് 120 രൂപ കൂടി 35,720 രൂപയായി…

Aswathi Kottiyoor

രണ്ടാഴ്‌ചത്തെ ഒരുക്കം; ബജറ്റ്‌ ഇന്ന്‌ ; കഴിഞ്ഞ സർക്കാരിന്റെ അവസാന ബജറ്റിന്റെ പുതുക്കൽ………..

Aswathi Kottiyoor
WordPress Image Lightbox