കണ്ണൂർ: കണ്ണൂർ ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാർഥികൾക്ക് തൊഴിൽ കണ്ടെത്തി നൽകുന്നതിനുള്ള രണ്ട് മെഗാ ജോബ് ഫെയറുകൾ ഇന്നും നാളെയും തീയതികളിൽ ധർമശാലയിലെ കണ്ണൂർ ഗവ. എൻജിനീയറിംഗ് കോളജിൽ നടക്കും. മേളയിൽ നൂറിലേറെ സ്ഥാപനങ്ങൾ പങ്കെടുക്കും. നേരിട്ടും ഓൺലൈനായും അഭിമുഖം നടക്കും. അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ 20 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള കെഡിസ്ക് പദ്ധതിയുടെ ഭാഗമാണ് വ്യാഴാഴ്ചയിലെ മേള. രാവിലെ എട്ടു മുതൽ വൈകുന്നേരം ആറുവരെയാണ് സമയം.
മേള ഇന്ന്് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിക്കും. കെയ്സ് ജോബ് ഫെയർ നാളെ രാവിലെ ഒമ്പത് മുതൽ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളജിൽ നടക്കും. വിവിധ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾക്ക് മേളയിൽ പങ്കെടുക്കാം. ഒരാൾക്ക് അഞ്ച് കമ്പനി ഒഴിവുകളിൽ അപേക്ഷിക്കാം.