കേളകം: തിമിർത്ത് പെയ്ത മഴക്കാലം വിടവാങ്ങിയിട്ട് രണ്ടു മാസം പിന്നിടുന്പോഴേക്കും പുഴകൾ വറ്റിവരണ്ടു തുടങ്ങി. പ്രധാന കുടിവെള്ള സ്രോതസുകളായ ബാവലി, ചീങ്കണ്ണി പുഴകളെല്ലാം ജലവിധാനം താഴ്ന്ന് ഇടമുറിഞ്ഞ് ഒഴുകുന്ന അവസ്ഥയിലാണ്. ഇതുകാരണം കൊട്ടിയൂർ, കേളകം, കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളിൽ വരുംദിവസങ്ങളിൽ ജലക്ഷാമം രൂക്ഷമാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുഴകളിലെ ജലവിധാനം താഴ്ന്നതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളിലെയും മറ്റു ജല സ്രോതസുകളിലെയും ജലവിധാനം താഴ്ന്നു. മുൻ വർഷങ്ങളെ അപേഷിച്ച് മഴക്കാലം നീണ്ടുനിന്നത് വരൾച്ച കുറയ്ക്കുന്നതിന് സഹായമായെങ്കിലും വേനൽ കടുത്തതോടെ പൊടുന്നനെ പുഴകളിലെ ജലവിധാനം താഴ്ന്നിട്ടുണ്ട്. മേഖലയിലെ പ്രധാന കുടിവെള്ള പദ്ധതികളെല്ലാം ബാവലി, ചീങ്കണ്ണി പുഴകളെ ആശ്രയിച്ചാണ്.
ആവശ്യം ജലസുരക്ഷാ
പദ്ധതികൾ
രൂക്ഷമാകുന്ന വരൾച്ച തടയുന്നതിന് താത്കാലിക, സ്ഥിരം ജലസുരക്ഷ പദ്ധതികൾ ആവശ്യമാണ്. താത്കാലിക പദ്ധതികളിൽ പ്രധാന പുഴകൾക്കും തോടുകൾക്കും കുറുകെ തടയണ കെട്ടി പുഴയിലെ ജലവിധാനം ഉയർത്തി സമീപത്തെ കിണറുകളും കുളങ്ങളിലും ജലവിധാനം ഉയർത്തുന്ന രീതിയാണ് അവലംബിക്കുന്നത്.
ജനകീയ പങ്കാളിത്തത്തോടെയാണ് ഇത് നടപ്പാക്കുന്നത്. കേളകം പഞ്ചായത്തിലെ രണ്ട് പ്രധാന കുടിവെള്ള പദ്ധതി പാറത്തോട് കുടിവെള്ള പദ്ധതിയും കേളകം ടൗൺ കുടിവെള്ള പദ്ധതിയുമാണ്. ഇതിന് രണ്ടിനും സ്ഥിരം തടയണകൾ നിർമിക്കണമെന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്.