സിൽവർ ലൈൻ പദ്ധതിക്കെതിരായ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ഗൗരവമായ പരാമർശങ്ങളുമായി ഹൈക്കോടതി. ഇത്രയും വലിയ പദ്ധതി പോര്‍വിളിച്ച് നടത്താനാകില്ല. ജനങ്ങളെ ഭീഷണിപ്പെടുത്തിയല്ല പദ്ധതി നടത്തേണ്ടത്. വീടുകളിലേയ്ക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ലെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
കെ–റെയിൽ വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ നിലപാടിനെക്കുറിച്ച് വ്യക്തതയില്ല. കേന്ദ്രം നിലപാടു വ്യക്തമാക്കണം. കോടതിയെ ഇരുട്ടത്തു നിർത്തരുത്. പദ്ധതിക്കു കേന്ദ്രം തത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്നു കെ–റെയില്‍ അഭിഭാഷകന്‍ പറയുന്നുണ്ടെങ്കിലും ഇതിലും വ്യക്തതയില്ല. കേന്ദ്രസര്‍ക്കാരിനും റെയില്‍വേയ്ക്കും വേണ്ടി ഒരു അഭിഭാഷകന്‍ ഹാജരാകുന്നത് ശരിയല്ല. രണ്ടു കക്ഷികൾക്കും ഈ കേസില്‍ ഭിന്നതാല്‍പര്യമുണ്ട്.
സര്‍വേ നിയമപ്രകാരം പദ്ധതിക്കായി സര്‍വേ നടത്തുന്നതിനു കോടതി എതിരല്ല. കല്ലിടലിന്റെ പേരില്‍ വലിയ കോണ്‍ക്രീറ്റ് തൂണുകള്‍ പാടില്ല. നിയമപ്രകാരമുള്ള കല്ലുകള്‍ മാത്രമേ പാടുള്ളൂ. നിയമപ്രകാരം മാത്രമേ പദ്ധതി നടപ്പിലാക്കാൻ പാടുള്ളൂ. വേഗത്തിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ നിയമ ലംഘനം ഉണ്ടാകാൻ പാടില്ല. തിടുക്കം കാണിച്ചിട്ട് ഒരു കാര്യവുമില്ലെന്നും കോടതി വ്യക്തമാക്കി. കെ–റെയിൽ എന്നു രേഖപ്പെടുത്തിയ അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള വിലക്ക് തുടരും. ഹർജി ഈ മാസം 21ലേക്ക് വിശദമായ വാദത്തിനായി മാറ്റി.